ഘോഷയാത്രയ്ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; ഒരാള്‍ മരിച്ചു, 20 പേര്‍ക്ക് പരിക്ക്

സംഭവവുമായി ബന്ധപ്പെട്ട് ബബ്ലു വിശ്വകര്‍മ (21), ശിശുപാല്‍ സാഹു (26) എന്നിവരെ പോലിസ് അറസ്റ്റുചെയ്തു. രണ്ടുപേരും മധ്യപ്രദേശിലെ സിംഗ്രോളി ജില്ലക്കാരാണെന്ന് ജില്ലാ പോലിസ് സൂപ്രണ്ടിന്റെ ഓഫിസ് അറിയിച്ചു.

Update: 2021-10-15 14:33 GMT

ന്യൂഡല്‍ഹി: ഛത്തീസ്ഗഢില്‍ വിഗ്രഹ ഘോഷയാത്രയ്ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ചു. 20 ഓളം പേര്‍ക്ക് പരിക്കേറ്റു. ഛത്തീസ്ഗഢിലെ ജഷ്പൂരില്‍ ദുര്‍ഗാദേവിയുടെ വിഗ്രഹ നിമഞ്ജന ഘോഷയാത്രയ്ക്കിടയിലേക്കാണ് വാഹനം ഇടിച്ചുകയറിയത്. ജഷ്പൂരിലെ പത്തല്‍ഗാവ് സ്വദേശിയായ ഗൗരവ് അഗര്‍വാള്‍ (21) ആണ് മരിച്ചത്. പരിക്കേറ്റവരെ പത്തല്‍ഗാവ് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ രണ്ടുപേരെ ഒടിവുകളോടെ മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണെന്ന് ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍ ജെയിംസ് മിഞ്ച് പറഞ്ഞു.

മധ്യപ്രദേശ് മജിസ്‌ട്രേഷനിനുള്ള മഹീന്ദ്ര സൈലോ എന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. പ്രകോപിതരായ ആളുകള്‍ വാഹനത്തിന് പിന്നാലെ ഓടി. എന്നാല്‍, കാര്‍ സമീപത്ത് തീപ്പിടിച്ച നിലയില്‍ ഉപേക്ഷിച്ചതായി കണ്ടെത്തി. കാറിന്റെ ജനല്‍ച്ചില്ലുകള്‍ തല്ലിത്തകര്‍ത്തിട്ടുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബബ്ലു വിശ്വകര്‍മ (21), ശിശുപാല്‍ സാഹു (26) എന്നിവരെ പോലിസ് അറസ്റ്റുചെയ്തു. രണ്ടുപേരും മധ്യപ്രദേശിലെ സിംഗ്രോളി ജില്ലക്കാരാണെന്ന് ജില്ലാ പോലിസ് സൂപ്രണ്ടിന്റെ ഓഫിസ് അറിയിച്ചു. അവര്‍ ഛത്തീസ്ഗഢിലൂടെ കടന്നുപോവുകയായിരുന്നു.

അപകടത്തില്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ദു:ഖം രേഖപ്പെടുത്തി. ജഷ്പൂര്‍ സംഭവം വളരെ ദുഖകരവും ഹൃദയഭേദകവുമാണ്. കുറ്റവാളികളെ ഉടന്‍ അറസ്റ്റുചെയ്തു. കുറ്റക്കാരായ പോലിസിനെതിരേ പ്രഥമദൃഷ്ട്യാ നടപടി സ്വീകരിച്ചിട്ടുണ്ട്. ഒരു അന്വേഷണത്തിനും ഉത്തരവിട്ടു. ആരെയും വെറുതെ വിടില്ല. എല്ലാവര്‍ക്കും നീതി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ജഷ്പൂര്‍ പോലിസ് സൂപ്രണ്ടിനെ ഉടന്‍ നീക്കം ചെയ്യണമെന്നും മുന്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിങ് ആവശ്യപ്പെട്ടു.

Tags:    

Similar News