മഹാ കുംഭമേളക്ക് പ്രയാഗ് രാജില്‍ തുടക്കം; വിശുദ്ധ സ്‌നാനം നടത്തി ഭക്തര്‍

Update: 2025-01-13 10:19 GMT

ലഖ്‌നോ: 2025-ലെ മഹാ കുംഭമേളക്ക് പ്രയാഗ് രാജില്‍ തുടക്കം. തീര്‍ത്ഥാടകരും ഭക്തരും സംഘങ്ങളായി ഗംഗാ നദിയില്‍ പുണ്യസ്‌നാനം നടത്തിയതോടു കൂടി ആഘോഷങ്ങള്‍ ആരംഭിച്ചു. ഹിന്ദു കലണ്ടറിലെ പൗഷ് പൂര്‍ണിമ ദിനത്തില്‍, ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ ത്രിവേണി സംഗമത്തില്‍ ഭക്തര്‍ വിശുദ്ധ സ്‌നാനം നടത്തിയാണ് 45 ദിവസത്തെ മഹാ കുംഭമോളക്ക് തുടക്കം കുറിക്കുക.

രാവിലെ 9:30 വരെ ഏകദേശം 60 ലക്ഷം തീര്‍ത്ഥാടകര്‍ മുങ്ങിക്കുളിച്ചതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ഒട്ടേറെ ഭക്തര്‍ സംഗമഘട്ടില്‍ എത്തിയതായും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശംസകള്‍ നേര്‍ന്നു.''സംസ്‌കാരങ്ങളുടെ സംഗമമുള്ളിടത്ത് വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും സംഗമം കൂടിയുണ്ട്. മഹാ കുംഭ്-2025 നാനാത്വത്തില്‍ ഏകത്വം എന്ന സന്ദേശം നല്‍കുന്നു'' അദ്ദേഹം എക്സില്‍ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലും ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മഹാ കുംഭ് നഗറിലും വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.മഹാ കുംഭമേളയുടെ ആദ്യ ദിനം സമാധാനപരമായി നടക്കുന്നതായി എസ്എസ്പി പറഞ്ഞു. ഭക്തര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കാതിരിക്കാന്‍ തങ്ങള്‍ എല്ലാ കാര്യങ്ങളും നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

കുറഞ്ഞത് 45 കോടി ജനങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന മഹാ കുംഭമേള ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും ആത്മീയ പാരമ്പര്യവും പ്രദര്‍ശിപ്പിക്കുന്ന ഉല്‍സവമായാണ് അറിയപ്പെടുന്നത്. മഹാ കുംഭമേള മേഖലയിലും പ്രയാഗ്രാജിലും സമീപ ജില്ലകളിലും രഹസ്യാന്വേഷണ സംവിധാനങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. ജില്ലയില്‍ പ്രവേശിക്കുന്ന ഓരോ വ്യക്തിയെയും പരിശോധിക്കാന്‍ ഒന്നിലധികം ചെക്ക്പോസ്റ്റുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും മേഖലയിലുടനീളം ജാഗ്രത പാലിക്കുന്നതിനുമായി ഇന്റലിജന്‍സ് സ്‌ക്വാഡുകളെയും വിന്യസിച്ചിട്ടുണ്ട്. ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെയാണ് മഹാകുഭമേള നടക്കുക.

Tags:    

Similar News