അംഫാന്‍ ചുഴലിക്കാറ്റ്; ഒഡീഷയിലെ 12 തീരദേശ ജില്ലകളില്‍ അതീവജാഗ്രത

ശനിയാഴ്ച പുലര്‍ച്ചെ 5.30നാണ് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് കൂടുതല്‍ തീവ്രമാവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ് വ്യക്തമാക്കുന്നു.

Update: 2020-05-16 06:22 GMT

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ന്യൂനമര്‍ദം വൈകീട്ടോടെ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണകേന്ദ്രം. അംഫാന്‍ ചുഴലിക്കാറ്റുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ഒഡീഷയിലെ 12 തീരദേശ ജില്ലകള്‍ അതീവജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച പുലര്‍ച്ചെ 5.30നാണ് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് കൂടുതല്‍ തീവ്രമാവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ് വ്യക്തമാക്കുന്നു.

ജഗത്‌സിങ്പൂര്‍, കേന്ദ്രപാറ, ഭദ്രക്, ബാലാസോര്‍ തുടങ്ങിയ 12 ജില്ലകള്‍ക്കാണ് ചുഴലിക്കാറ്റ് മുന്നറിയിപ്പ്. ജനങ്ങള്‍ക്കായി അഭയകേന്ദ്രങ്ങള്‍ സജ്ജീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജില്ല കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും കനത്തമഴയുണ്ടാവുമെന്നും മുന്നറിയിപ്പുണ്ട്. കാലാവസ്ഥാ വകുപ്പ് മീന്‍പിടിത്തക്കാര്‍ക്ക് റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. മെയ് 18 മുതല്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കന്‍ ഭാഗങ്ങളിലേക്കും ഒഡീഷ- പശ്ചിമബംഗാള്‍ തീരത്തിനപ്പുറത്തേക്കും തെക്ക്, മധ്യബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലേക്കും പോവരുതെന്നും കടലില്‍ പോയവര്‍ ഞായറാഴ്ചയോടെ തിരിച്ചെത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

കടലിലെ രക്ഷാപ്രവര്‍ത്തനത്തിനും തിരച്ചിലിനുമുള്ള സജ്ജീകരണങ്ങളെല്ലാം ഒരുക്കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ തീരരക്ഷാ സേനയും വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത ആറുദിവസത്തേക്ക് ആന്ധ്രാപ്രദേശ്, പശ്ചിമബംഗാള്‍ തീരങ്ങളിലും പുറത്തും പ്രതികൂല കാലാവസ്ഥയുണ്ടാവാന്‍ സാധ്യതയുണ്ട്. കൊല്‍ക്കത്ത, ഹൗറ, ഹുഗ്ലി, കിഴക്കന്‍ മിഡ്‌നാപൂര്‍, പടിഞ്ഞാറന്‍ മിഡ്‌നാപൂര്‍ എന്നീ ജില്ലകളില്‍ ഈമാസം 19ന് നേരിയതോ ശക്തമല്ലാത്തതോ ആയ മഴയും 20ന് അതിശക്തമായ മഴയും അനുഭവപ്പെടും.  

Tags:    

Similar News