തമിഴ്നാട്ടില്‍ എന്‍സിസി ക്യാംപില്‍ 14 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ പീഡനത്തിനിരയായി; 11 പേര്‍ അറസ്റ്റില്‍
ചെന്നൈ: എന്‍സിസി ക്യാംപില്‍ 14 പെണ്‍കുട്ടികള്‍ പീഡനത്തിനിരയായതായി പരാതി. തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പാര്‍ട്ട് ടൈം എന്‍സിസി ട്രെയിനറും നാം തമിഴര്‍ കക്ഷി നേതാവുമായ ശിവരാമനടക്കം 11 പേരെ പോലിസ് അറസ്റ്റു ചെയ്തു. ഇവരെ കൂടാതെ സ്‌കൂള്‍ ചെയര്‍മാന്‍, സ്‌കൂള്‍ കറസ്‌പോണ്ടന്റ് എന്നിവരും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. അതേസമയം ഈ ക്യാംപ് എന്‍സിസി അധികൃതരുടെ അറിവോടെയല്ല നടന്നതെന്ന് പോലിസ് അറിയിച്ചു.
ഓഗസ്റ്റ് ഒന്‍പതിന് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥിനികളെ താമസിപ്പിച്ച് നടത്തിയ അഞ്ചുദിവസത്തെ എന്‍സിസി ക്യാംപിലാണ് പീഡനമുണ്ടായത്. ഇതിന് പിന്നാലെ ഒരു വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. ട്രെയിനര്‍ പോലിസിന് നല്‍കിയ മൊഴിയിലും 14 വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതായി പറഞ്ഞിരുന്നു.
ഓഗസ്റ്റ് ഒന്‍പതിന് ക്യാംപില്‍ പീഡിപ്പിക്കപ്പെട്ട ഒരു വിദ്യാര്‍ത്ഥിനി സ്‌കൂളിലെ അധ്യാപകരോടും പ്രിന്‍സിപ്പലിനോടും പരാതിപ്പെട്ടിരുന്നു. കടുത്ത വയറുവേദനയും ശരീരത്തില്‍ പരിക്കുകളുമേറ്റിരുന്ന വിദ്യാര്‍ത്ഥിനി വിവരം മാതാപിതാക്കളോടും പറഞ്ഞു. വിവരമറിഞ്ഞ ഉടന്‍ തന്നെ മാതാപിതാക്കള്‍ പോലിസില്‍ പരാതി നല്‍കി. തുടര്‍ന്നായിരുന്നു 11 പേരുടെയും അറസ്റ്റ്.
സംഭവം പുറത്ത് വന്നതിന് പിന്നാലെ ട്രെയിനര്‍ ഒളിവില്‍ പോയിരുന്നു. ഇയാളെ കോയമ്പത്തൂരില്‍വെച്ചാണ് പോലിസ് അറസ്റ്റ് ചെയ്തത്. പോലിസിനെക്കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് കാലിനു പരിക്കേറ്റ ശിവരാമനെ കൃഷ്ണഗിരിയില്‍ ജില്ല ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ കാവേരിപട്ടിനത്തിലുള്ള മറ്റ് സ്വകാര്യ സ്‌കൂളുകളിലും പാര്‍ട്ട് ടൈം എന്‍സിസി ട്രെയിനറായി ജോലി ചെയ്തിരുന്നു.