2019 ന് മുമ്പ് ബിജെപിക്ക് കിട്ടിയത് 1450 കോടി; സുപ്രിംകോടതിയില്‍ നല്‍കിയ ഇലക്ട്രല്‍ ബോണ്ട് വിവരങ്ങളും പുറത്ത് വിട്ടു

Update: 2024-03-17 14:57 GMT
ന്യൂഡല്‍ഹി: ഇലക്ട്രല്‍ ബോണ്ടില്‍ സുപ്രിംകോടതിയില്‍ മുദ്രവച്ച കവറില്‍ നല്‍കിയ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ടു. 2019 ല്‍ മുദ്രവച്ച കവറില്‍ നല്‍കിയ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചത്. ഈ രേഖകള്‍ ഇന്നലെ കോടതി കമ്മീഷന് മടക്കി നല്‍കുകയും പ്രസിദ്ധീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2017-18 സാമ്പത്തിക വര്‍ഷം മുതലുള്ള രേഖകള്‍ പുറത്തു വിട്ടത്. 2019 മുതലുള്ള എസ്ബിഐ നല്‍കിയ ഇലക്ടറല്‍ ബോണ്ട് രേഖകള്‍ കഴിഞ്ഞ ദിവസം കമ്മീഷന്‍ പ്രസിദ്ധീകരിച്ചിരുന്നു.

2017-18 സാമ്പത്തിക വര്‍ഷത്തില്‍ ബിജെപിക്ക് കിട്ടിയത് 500 ബോണ്ടുകളാണ്. ഇതിലൂടെ 210 കോടി ബിജെപിക്ക് ലഭിച്ചു. 2019 തിരഞ്ഞെടുപ്പിന് മുമ്പ് 1450 കോടിയുടെ ബോണ്ട് ബിജെപിക്ക് ലഭിച്ചു. ഇതേ കാലയളവില്‍ കോണ്‍ഗ്രസിന് 383 കോടിയാണ് കിട്ടിയത്. ഈ കാലയളവില്‍ ഡിഎംകെയ്ക്ക് 656.5 കോടിയുടെ ബോണ്ട് ലഭിച്ചു. ഇതില്‍ 509 കോടിയും വിവാദ വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനിയില്‍ നിന്നായിരുന്നു.

വീണ്ടും ചൊവ്വാഴ്ച സുപ്രിംകോടതി പരിഗണിക്കാനിരിക്കെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന കൂടുതല്‍ വിവരങ്ങളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. കൂടുതല്‍ ബോണ്ട് വാങ്ങിയ ആദ്യ അഞ്ച് കമ്പനികളുടെ പട്ടികയില്‍ മൂന്നും അന്വേഷണം നേരിടുന്നതിന്റെ തെളിവുകള്‍ നേരത്തെ വന്നിരുന്നു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുന്ന നിരവധി നിര്‍മ്മാണ കമ്പനികളും ബോണ്ടുകള്‍ വാങ്ങി. പതിനൊന്ന് നിര്‍മ്മാണ കമ്പനികള്‍ ചേര്‍ന്ന് വാങ്ങിയത് 506 കോടിയുടെ ബോണ്ടാണ്. ഇതില്‍ ചെന്നൈ ഗ്രീന്‍ വുഡ്‌സ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപി അയോധ്യ രാമി റെഡ്ഡിയുമായി ബന്ധമുള്ള മധ്യപ്രദേശ് വേസ്റ്റ് മാനേജ്‌മെന്റ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്ന് വാങ്ങിയത് 111 കോടിയുടെ ബോണ്ടാണ്.



ആദായനികുതി വകുപ്പ് റെയ്ഡ് കഴിഞ്ഞ് അഞ്ചു മാസത്തിനുള്ളിലായിരുന്നു രണ്ടു കമ്പനികളുടെയും നീക്കം. സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനം 115 കോടിയുടെ ബോണ്ട് വാങ്ങിയത് 2022 ഒക്ടോബറിലാണ്.





Tags:    

Similar News