'നാളെത്തന്നെ വിവരങ്ങള്‍ നല്‍കണം'; ഇലക്ടറല്‍ ബോണ്ടില്‍ എസ്ബി ഐയ്ക്ക് സുപ്രിംകോടതിയുടെ അന്ത്യശാസനം

Update: 2024-03-11 06:57 GMT
ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ടുകളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനുള്ള സമയം നീട്ടണമെന്ന എസ്ബിഐയുടെ ഹരജി സുപ്രിംകോടതി തള്ളി. നാളെത്തന്നെ വിവരങ്ങള്‍ കൈമാറണമെന്ന ഉത്തരവ് അനുസരിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടികളിലേക്ക് കടക്കുമെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി. വിഷയത്തില്‍ എസ് ബിഐയ്‌ക്കെതിരേ സിപിഎമ്മും എഡിആറും സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജികളും തീര്‍പ്പാക്കി.

    ഭരണകക്ഷിയെ സഹായിക്കുന്നതിനു വേണ്ടിയാണ് തിയ്യതി നീട്ടിനല്‍കാന്‍ എസ്ബി ഐ ആവശ്യപ്പെട്ടതെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് സുപ്രിംകോടതിയുടെ അന്ത്യശാസനം എന്നതും ശ്രദ്ധേയമാണ്. അതിരൂക്ഷ വിമര്‍ശനത്തോടെയാണ് സുപ്രിംകോടതി ഹരജയില്‍ തീര്‍പ്പ് കല്‍പ്പിച്ചത്. മാര്‍ച്ച് 12നകം തിരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമീഷന് നല്‍കണം. മാര്‍ച്ച് 15ന് വൈകീട്ട് അഞ്ചിനകം കമീഷന്‍ തിരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, ജെ ബി പര്‍ദീവാല, മനോജ് മിശ്ര എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

    സുപ്രിംകോടതി റദ്ദാക്കിയ ഇലക്ടറല്‍ ബോണ്ടുകളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനുള്ള സമയം ജൂണ്‍ 30 വരെ നീട്ടണമെന്നായിരുന്നു സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആവശ്യം. എന്നാല്‍, 26 ദിവസം നിങ്ങള്‍ എന്തെടുകകുകയായിരുന്നുവെന്ന് ചോദിച്ച ഭരണഘടനാ ബെഞ്ച്, സാങ്കേതികത്വം പറയുകയല്ല, ഉത്തരവ് അനുസരിക്കുകയാണ് വേണ്ടതെന്നും കര്‍ശന താക്കീത് നല്‍കി. ജൂണ്‍ 30 വരെ നീട്ടാണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച് നാലിന് എസ്ബിഐ കോടതിയെ സമീപിച്ചത്.

Tags:    

Similar News