ഡല്‍ഹി വിമാനത്താവളത്തില്‍ കോടികളുടെ സ്വര്‍ണവേട്ട; രണ്ടുപേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച കോടികള്‍ വിലവരുന്ന സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയിലായി. ദുബയില്‍നിന്നെത്തിയ ഡല്‍ഹി സ്വദേശികളാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇതില്‍ ഒരാളുടെ ബാഗില്‍നിന്നും 4.1 കിലോ സ്വര്‍ണമാണ് പിടിച്ചത്.
ഏകദേശം 1.77 കോടി രൂപ വിലവരും. ഇയാള്‍ നേരത്തെ 1.11 കോടി രൂപ വിലവരുന്ന 2.5 കിലോ സ്വര്‍ണം കടത്തിയതായി യാത്രക്കാരന്‍ വെളിപ്പെടുത്തിയതായി കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ ഷൗക്കത്ത് അലി നൂര്‍വി പ്രസ്താവനയില്‍ പറഞ്ഞു. ഇയാളുടെ മൊത്തം കുറ്റകൃത്യത്തിന്റെ മൂല്യം 2.89 കോടി രൂപയാണ്.
രണ്ടാമത്തെ വ്യക്തിയുടെ ബാഗില്‍നിന്നും 1.58 കോടി രൂപയോളം വില വരുന്ന 3.6 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. ഇയാളും നേരത്തെ 1.16 കോടി വിലവരുന്ന 2.6 കിലോ സ്വര്‍ണം കടത്തിയതായി സമ്മതിച്ചുവെന്ന് കസ്റ്റംസ് അറിയിച്ചു. ഇതോടെ ആകെ 2.74 കോടിയുടെ സ്വര്‍ണമാണ് ഇയാള്‍ കടത്തിയിരിക്കുന്നത്. രണ്ട് യാത്രക്കാരും വിമാനത്താവളംവഴി ആകെ 5.68 കോടിയുടെ സ്വര്‍ണമാണ് കടത്തിയതെന്ന് കസ്റ്റംസ് വ്യക്തമാക്കി.