ക്രിക്കറ്റ് താരം റെയ്‌നയുടെ ബന്ധുക്കളുടെ കൊലപാതകം: മൂന്നുപേര്‍ അറസ്റ്റില്‍; 11 പേര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമെന്ന് പോലിസ്
കഴിഞ്ഞമാസം 20ന് പത്താന്‍കോട്ടെ വീട്ടില്‍വച്ചാണു റെയ്‌നയുടെ കുടുംബാംഗങ്ങള്‍ക്കുനേരേ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ റെയ്‌നയുടെ അമ്മാവന്‍ അശോക് കുമാര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. അദ്ദേഹത്തിന്റെ മകന്‍ കൗശല്‍ കുമാര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെയാണ് മരണത്തിന് കീഴടങ്ങിയത്.
ചണ്ഡിഗഡ്: ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റിലായി. കുപ്രസിദ്ധ കവര്‍ച്ചാസംഘത്തില്‍ ഉള്‍പ്പെട്ട മൂന്നുപേരെയാണ് അറസ്റ്റുചെയ്തതെന്നു പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് അറിയിച്ചു. അക്രമിസംഘത്തിലുണ്ടായിരുന്ന മറ്റു 11 പേര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിതായി പഞ്ചാബ് ഡിജിപി ദിങ്കര്‍ ഗുപ്തയും വ്യക്തമാക്കി. അന്തര്‍സംസ്ഥാന കുറ്റവാളികളാണ് അക്രമം നടത്തിയത്. സവാന്‍, മുഹോബ്ബത്ത്, ഷാരൂഖ് ഖാന്‍ എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍. പത്താന്‍കോട്ട് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ചേരി പ്രദേശത്തുനിന്നാണ് ഇവരെ പിടികൂടിയതെന്ന് ഡിജിപി അറിയിച്ചു.
പിടിയിലായ അക്രമികള്‍ രാജസ്ഥാന്‍ സ്വദേശികളാണ്. വിവിധ സംസ്ഥാനങ്ങളില്‍ മോഷണവും പിടിച്ചുപറിയും നടത്തി ജീവിക്കുന്ന കൊള്ളസംഘത്തിന്റെ ഭാഗമാണിവര്‍. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ സമാനമായ കുറ്റകൃത്യങ്ങള്‍ നടത്തുന്ന സംഘത്തില്‍പ്പെട്ടവരാണെന്ന് പ്രതികള്‍ പോലിസിനോട് പറഞ്ഞു. കനാലുകള്‍, റെയില്‍വേ ലൈനുകള്‍ വഴി സഞ്ചരിച്ചാണ് ഇവര്‍ പല സ്ഥലങ്ങളില്‍ മോഷണം നടത്തിവന്നത്. സംശയം തോന്നാതിരിക്കാന്‍ സംഘം മൂന്നുഗ്രൂപ്പുകളിലായി തിരിച്ച് റെയ്‌നയുടെ അമ്മാവന്‍ അശോക് കുമാറിന്റെ വീടിന് സമീപം കണ്ടുമുട്ടി. തുടര്‍ന്ന് രാത്രിയില്‍ മറ്റ് രണ്ടുവീടുകളില്‍ കവര്‍ച്ച നടത്താനുള്ള ശ്രമം പരാജയപ്പെട്ടു.
മൂന്നാമത്തെ വീടായിരുന്നു കുമാറിന്റേത്. പ്രതികളില്‍ അഞ്ചുപേരാണ് വീട്ടില്‍ കടന്നത്. കുടുംബാംഗങ്ങളില്‍ മൂന്നുപേര്‍ തറയില്‍ ഉറങ്ങുകയായിരുന്നു. ഇവരുടെ തലയ്ക്കടിച്ചശേഷം പണവും സ്വര്‍ണവുമായി സംഘം കടന്നുകളയുകയായിരുന്നുവെന്ന് ഡിജിപി പറഞ്ഞു. റെയ്‌നയുടെ ബന്ധുവീട്ടില്‍നിന്ന് മോഷ്ടിച്ച പണവും ആഭരണങ്ങളും ഇവര്‍ സംഘാംഗങ്ങള്‍ക്കിടയില്‍ പങ്കുവച്ചു. പോലിസ് നടത്തിയ റെയ്ഡില്‍ സ്വര്‍ണമോതിരങ്ങളും 1,530 രൂപയും കൊലയ്ക്കുപയോഗിച്ചുവെന്ന് കരുതുന്ന രണ്ട് തടിക്കഷണങ്ങളും പിടിയിലായവരില്‍നിന്നു കണ്ടെടുത്തു.
പ്രതികളെ വേഗത്തില്‍ പിടികൂടിയ പഞ്ചാബ് പോലിസ് ഉദ്യോഗസ്ഥനെ സുരേഷ് റെയ്‌ന അഭിനന്ദിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ നേരില്‍ സന്ദര്‍ശിച്ചാണ് ഇക്കാര്യം അറിയിച്ചത്. ഞങ്ങള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ ഇതുകൊണ്ട് സാധിക്കില്ല. എങ്കിലും കൂടുതല്‍ കുറ്റകൃത്യങ്ങളുണ്ടാവുന്നത് തടയാന്‍ പോലിസിന്റെ നടപടി സഹായിക്കുമെന്ന് അദ്ദേഹം ട്വീറ്റും ചെയ്തു. കഴിഞ്ഞമാസം 20ന് പത്താന്‍കോട്ടെ വീട്ടില്‍വച്ചാണു റെയ്‌നയുടെ കുടുംബാംഗങ്ങള്‍ക്കുനേരേ ആക്രമണമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ റെയ്‌നയുടെ അമ്മാവന്‍ അശോക് കുമാര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. അദ്ദേഹത്തിന്റെ മകന്‍ കൗശല്‍ കുമാര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെയാണ് മരണത്തിന് കീഴടങ്ങിയത്. കുമാറിന്റെ ഭാര്യ ആശാ റാണി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. സംഭവത്തിനു തൊട്ടുപിന്നാലെ, അമൃത്സര്‍ ബോര്‍ഡര്‍ റേഞ്ച് ഐജിക്ക് കീഴില്‍ ഒരു പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) രൂപീകരിച്ച് കേസ് അന്വേഷിക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി ഉത്തരവിടുകയായിരുന്നു.