ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; മൂന്നുപേര്‍ മരിച്ചു, നാലുപേരെ കാണാതായി

Update: 2021-07-19 02:36 GMT

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചു. നാലുപേരെ കാണാതായതായാണ് റിപോര്‍ട്ട്. ഉത്തരകാഷി ജില്ലയിലാണ് രാത്രി വൈകി അപകടം നടന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഉത്തരകാഷി ജില്ലയിലെ മണ്ടോ ഗ്രാമത്തിലാണ് മൂന്നുപേര്‍ മരിച്ചത്. നാലുപേരെ കാണാതായതായി റിപോര്‍ട്ട് ലഭിച്ചെന്ന് സംസ്ഥാന ദുരന്തനിവാരണ സേനയുടെ (എസ്ഡിആര്‍എഫ്) ടീം ഇന്‍ചാര്‍ജ് ഇന്‍സ്‌പെക്ടര്‍ ജഗദാംബ പ്രസാദ് പറഞ്ഞു. മേഘവിസ്‌ഫോടനമുണ്ടായാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ അതിശക്തമായ മഴയുണ്ടാവും.

ചിലപ്പോള്‍ ആലിപ്പഴവും ഇടിമുഴക്കവുമുണ്ടാകുന്നു. ഇത് വെള്ളപ്പൊക്കത്തിനും കാരണമാവും. പലപ്പോഴും ഉത്തരാഖണ്ഡില്‍ പേമാരിയും വെള്ളപ്പൊക്കവും മേഘവിസ്‌ഫോടനത്തിന്റെ ഭാഗമായുണ്ടാവാറുണ്ട്. ജൂലൈ 18, 19 തിയ്യതികളില്‍ ഉത്തരാഖണ്ഡില്‍ ഒറ്റപ്പെട്ടതും കനത്തതുമായ മഴയുണ്ടാവുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, വടക്കന്‍ മധ്യപ്രദേശ് എന്നിവിടങ്ങളിലും ഈ കാലയളവില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags:    

Similar News