സ്‌കൂള്‍ വാനിന് തീപ്പിടിച്ച് നാലുകുട്ടികള്‍ വെന്തുമരിച്ചു; എട്ടുപേര്‍ക്ക് പരിക്ക്
ശനിയാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു അപകടം. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് പോലിസ് പറഞ്ഞു. വാഹനം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലാണുള്ളത്.
ചണ്ഡിഗഢ്: പഞ്ചാബില്‍ സ്‌കൂള്‍ വാനിന് തീപ്പിടിച്ച് നാലുകുട്ടികള്‍ വെന്തുമരിച്ചു. എട്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. പഞ്ചാബിലെ സാന്‍ഗ്രൂര്‍ ജില്ലയിലെ ലോങ്‌ഗോവാള്‍- സിദ്‌സാമചാര്‍ റോഡിലാണ് സംഭവം. ശനിയാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു അപകടം. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് പോലിസ് പറഞ്ഞു. വാഹനം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലാണുള്ളത്. സാഗ്രൂറിലെ പൊതുവിദ്യാലയത്തിലെ വാനിനാണ് തീപിടിച്ചത്. അപകടം നടക്കുമ്പോള്‍ വാഹനത്തില്‍ 12 കുട്ടികളുണ്ടായിരുന്നുവെന്നാണ് വിവരം.
സ്‌കൂളില്‍നിന്ന് കുട്ടികളുമായി പുറപ്പെട്ട വാനിന് തീപ്പിടിച്ച വിവരം സമീപത്തെ പാടത്ത് ജോലിചെയ്തുകൊണ്ടിരുന്നവരാണ് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇവര്‍ വാഹനം നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു. വാഹനം കത്താന്‍ തുടങ്ങിയപ്പോഴേക്കും എട്ട് കുട്ടികളെ നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്തു. എന്നാല്‍, വാനിന്റെ ഡോര്‍ തുറക്കാന്‍ സാധിക്കാതെ വന്നതോടെ നാലുകുട്ടികള്‍ കുടുങ്ങുകയായിരുന്നു.
10നും 12 നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ച വിദ്യാര്‍ഥികള്‍. അപകടത്തെക്കുറിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ കലക്ടര്‍, ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നാല് കുട്ടികള്‍ മരിക്കാനിടയായതില്‍ ദു:ഖമുണ്ട്. കുറ്റവാളികളെ കര്‍ശനമായി ശിക്ഷിക്കുമെന്നും മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.