തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫിസിലെ നാല് ജീവനക്കാര്‍ക്ക് കൂടി കൊവിഡ്
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ദാമോദര്‍ (57) കൊവിഡ് ബാധിച്ച് മരണപ്പെട്ടതിന് പിന്നാലെയാണ് നാല് ജീവനക്കാര്‍ക്ക് കൂടി രോഗബാധ കണ്ടെത്തിയത്.
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ഓഫിസിലെ നാല് ജീവനക്കാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പളനിസ്വാമിയുടെ ഓഫിസിലെ ഒമ്പത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ദാമോദര്‍ (57) കൊവിഡ് ബാധിച്ച് മരണപ്പെട്ടതിന് പിന്നാലെയാണ് നാല് ജീവനക്കാര്‍ക്ക് കൂടി രോഗബാധ കണ്ടെത്തിയത്. പ്രൈവറ്റ് സെക്രട്ടറിയുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കൂടുതല്‍ ജീവനക്കാര്‍ക്ക് വൈറസ് ബാധയുണ്ടെന്ന് വ്യക്തമായത്. 40 ഓളം പേര്‍ക്കാണ് കൊവിഡ് പരിശോധന നടത്തിയത്.
രോഗബാധ കണ്ടെത്തിയവരോട് ഹോം ക്വാറന്റൈനിലേക്ക് പോവാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇവര്‍ക്ക് പക്ഷേ, രോഗലക്ഷണമൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകളുണ്ടാവുമെന്നാണ് റിപോര്‍ട്ടുകള്‍. 12ാം തിയ്യതിയാണ് ദാമോദറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മധുര സ്വദേശിയാണ് ദാമോദര്‍. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പളനിസ്വാമിയുടെ ഫോട്ടോഗ്രാഫര്‍ക്കും കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
അതേസമസം, കൊവിഡ് ലക്ഷണങ്ങളെത്തുടര്‍ന്ന് തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ പി അന്‍പഴകനെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്. എന്നാല്‍, മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന റിപോര്‍ട്ടുകള്‍ എഐഎഡിഎംകെ നേതാക്കള്‍ നിഷേധിച്ചു. മന്ത്രി പൂര്‍ണ ആരോഗ്യവാനാണ്. കൊവിഡ് അവലോകന യോഗങ്ങളില്‍ പങ്കെടുത്ത സാഹചര്യത്തില്‍ സാധാരണ നിലയിലുള്ള പരിശോധനകള്‍ മാത്രമാണ് മന്ത്രിക്ക് നടത്തിയിട്ടുള്ളതെന്നും ഫലത്തിന് കാത്തിരിക്കുകയാണെന്നും മന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.