വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസ്സുകാരനെ വന്യമൃഗം പിടിച്ചുകൊണ്ടുപോയി

Update: 2021-11-05 13:35 GMT

ഷിംല: ഹിമാചല്‍പ്രദേശില്‍ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസ്സുകാരനെ വന്യമൃഗം പിടിച്ചുകൊണ്ടുപോയി. എന്നാല്‍, ഏത് മൃഗമാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഷിംലയില്‍ ദീപാവലി ദിനമായ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവമുണ്ടായതെന്ന് ഷിംല ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ (വന്യജീവി) രവിശങ്കര്‍ പറഞ്ഞു. വീടിന് പുറത്ത് ഇളയ സഹോദരനൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് കാണാതായത്.

കുട്ടിയുടെ സഹോദരനാണ് സംഭവത്തെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞത്. ഇവര്‍ പറഞ്ഞതനുസരിച്ച് വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌ക്യൂ ടീമും (ആര്‍ആര്‍ടി)പോലിസിന്റെ ക്വിക്ക് റെസ്‌പോണ്‍സ് ടീമും (ക്യുആര്‍ടി) സംയുക്തമായി മേഖലയില്‍ തിരച്ചില്‍ നടത്തുകയാണ്. എന്നാല്‍, കുട്ടിയെ ഇതുവരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

സംഭവസ്ഥലത്തിന് സമീപത്തുനിന്നായി വസ്ത്രവും രക്തക്കറകളും കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍, അത് കുട്ടിയുടേതാണോയെന്ന് പരിശോധിച്ചുവരികയാണ്. കുട്ടിയെ രക്ഷപ്പെടുത്തുന്നതിലാണ് വനംവകുപ്പിന്റെ ശ്രദ്ധയെന്ന് അധികൃതര്‍ പറഞ്ഞു.

ഷിംലയില്‍ മൂന്നുമാസത്തിനിടെയുണ്ടാവുന്ന രണ്ടാമത്തെ സമാനമായ സംഭവമാണിത്. ആഗസ്തില്‍ കന്‍ലോഗ് മേഖലയില്‍നിന്നും അഞ്ചുവയസ്സുകാരിയെ പുള്ളിപ്പുലി പിടിച്ചിരുന്നു. കുട്ടിയെ പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഈ പുലിയെ പിടികൂടാന്‍ പലസ്ഥലങ്ങളിലും കൂട് സ്ഥാപിച്ചിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. ഈ പുലി തന്നെയാണോ ഈ സംഭവത്തിന് പിന്നിലെന്നും അധികൃതര്‍ സംശയിക്കുന്നുണ്ട്.

Tags:    

Similar News