മണ്ണിടിച്ചിലില്‍ ബഹുനില കെട്ടിടം നിലം പൊത്തി; ഞെട്ടിക്കുന്ന വീഡിയോ

ഹിമാചല്‍ പ്രദേശില്‍ വ്യാഴാഴ്ച വൈകുന്നേരമുണ്ടായ മഴയെത്തുടര്‍ന്നാണ് മണ്ണിടിച്ചിലുണ്ടായത്. എട്ടുനില കെട്ടിടമാണ് തകര്‍ന്നതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Update: 2021-10-01 02:27 GMT

ഷിംല: കനത്ത മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ബഹുനില കെട്ടിടം തകര്‍ന്ന് വീണു. ഹിമാചല്‍പ്രദേശിലെ ഷിംലയിലെ ഹാലി കൊട്ടാരത്തിന് സമീപമുള്ള ഘോഡ ചൗക്കിലെ കെട്ടിടം നിലംപൊത്തുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അപകടത്തില്‍ ആളപായമോ ആര്‍ക്കും പരിക്ക് സംഭവിച്ചതായോ റിപോര്‍ട്ട് ചെയ്തിട്ടില്ല. അപകടത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഹിമാചല്‍ പ്രദേശില്‍ വ്യാഴാഴ്ച വൈകുന്നേരമുണ്ടായ മഴയെത്തുടര്‍ന്നാണ് മണ്ണിടിച്ചിലുണ്ടായത്. എട്ടുനില കെട്ടിടമാണ് തകര്‍ന്നതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. വൈകുന്നേരം 5.45 നാണ് സംഭവം നടന്നതെന്ന് സംസ്ഥാന ദുരന്തനിവാരണ ഡയറക്ടര്‍ സുദേഷ് കുമാര്‍ മൊക്ത പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ബഹുനില കെട്ടിടം സുരക്ഷിതമല്ലെന്ന് പ്രാദേശിക അധികാരികള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇക്കാരണത്താല്‍ കെട്ടിടത്തില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. തകര്‍ന്ന കെട്ടിടത്തിന് സമീപം സ്ഥിതിചെയ്യുന്ന മറ്റ് കെട്ടിടങ്ങള്‍ക്കും ഇപ്പോള്‍ വിള്ളലുകളുണ്ടായിട്ടുണ്ട്. നഗരഭരണ മന്ത്രി സുരേഷ് ഭരദ്വാജ് സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ പരിശോധിച്ചു. ദുരിതം സംഭവിച്ച കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം നല്‍കാന്‍ അദ്ദേഹം ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags:    

Similar News