അസമിലെ വിഷമദ്യ ദുരന്തം: മരണം 58 ആയി; രണ്ടുപേര്‍ അറസ്റ്റില്‍
ണ്ടുപേരെ അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് പാര്‍ഥ പ്രദിം സായ്കിയ പറഞ്ഞു
ഗുവാഹത്തി: അസമിലെ ഗൊലാഘട്ട് ജില്ലയിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 58 ആയി. മരിച്ചവരില്‍ ഏഴു സ്ത്രീകളും ഉള്‍പ്പെടും. നിരവധി പേരെ ഗുരുതരാവസ്ഥയില്‍ ജോര്‍ഹാത് മെഡിക്കല്‍ കോളജിലും ഗൊലാഘട്ടിലെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടെ ഉത്തരേന്ത്യയില്‍ രണ്ടാഴ്ചയ്ക്കിടെ വിഷമദ്യം കഴിച്ച് നൂറിലേറെ പേരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്യുകയും ജില്ലയിലെ രണ്ട് എക്‌സൈസ് ഓഫിസര്‍മാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. രണ്ടുപേരെ അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് പാര്‍ഥ പ്രദിം സായ്കിയ പറഞ്ഞു. ദുരന്തത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ അസം മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. തല്‍ക്ഷണം തന്നെ നാലു സ്ത്രീകള്‍ മരിച്ചിരുന്നു. ഗൊലാഘട്ട് സിവില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 12 മണിക്കൂറിനകം എട്ടുപേര്‍ കൂടി മരണപ്പെട്ടു. ഇപ്പോള്‍ മരണനിരക്ക് 58 ആയി. തലസ്ഥാനത്തിനു 310 കിലോമീറ്റര്‍ അകലെയുള്ള സാലിമിറ തേയില തോട്ടത്തിലെ നൂറിലധികം തൊഴിലാളികള്‍ ഒരു കച്ചവടക്കാരനില്‍ നിന്ന് വാങ്ങി കഴിച്ച വ്യാജമദ്യമാണ് ദുരന്തത്തിനിടയാക്കിയത്. അസം എക്‌സൈസ് മന്ത്രി പരിമള്‍ ശുക്ല ബൈദ്യ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.