യുവാവിന്റെ കസ്റ്റഡി കൊലപാതകം: തമിഴ്‌നാട്ടില്‍ ആറു പോലിസുകാരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു
സംഭവവുമായി ബന്ധപ്പെട്ട് ഒരു സബ് ഇന്‍സ്‌പെക്ടര്‍, ഒരു കോണ്‍സ്റ്റബിള്‍, ഒരു ഹോം ഗാര്‍ഡ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇന്നലെ നിരവധി പോലീസുകാരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.
ചെന്നൈ: 25കാരനായ യുവാവ് ചെന്നൈയില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൊലപാതകക്കുറ്റം ചുമത്തി തമിഴ്‌നാട്ടില്‍ ആറു പോലിസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. പോലിസുകാര്‍ക്കെതിരെ പട്ടികജാതിപട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
നേരത്തെ ദുരൂഹമരണം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ്, പോസ്റ്റ്‌മോര്‍ട്ടത്തില്‍ വിഘ്‌നേഷിന്റെ ശരീരത്തില്‍ 13 മുറിവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കൊലപാതക കേസാക്കി മാറ്റുകയായിരുന്നു. കഴിഞ്ഞ മാസം കഞ്ചാവ് കൈവശം വച്ചതിനും പോലിസുകാരനെ ആക്രമിക്കാന്‍ ശ്രമിച്ചതിനും അറസ്റ്റിലായി ഒരു ദിവസത്തിന് ശേഷമാണ് 25 കാരന്‍ മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരു സബ് ഇന്‍സ്‌പെക്ടര്‍, ഒരു കോണ്‍സ്റ്റബിള്‍, ഒരു ഹോം ഗാര്‍ഡ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇന്നലെ നിരവധി പോലീസുകാരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.
'പ്രതിപക്ഷ നേതാവ് പറഞ്ഞതുപോലെ, പോസ്റ്റ്‌മോര്‍ട്ടത്തില്‍ പതിമൂന്ന് പരിക്കുകളാണ് സൂചിപ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍, കേസ് കൊലപാതക കേസാക്കി മാറ്റിയതായി ഈ സഭയെ അറിയിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു. പോലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. അന്വേഷണം തുടരാന്‍ സിബിസിഐഡിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്'-വെള്ളിയാഴ്ച, സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസ്വാമിയുടെ ശ്രദ്ധാ പ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം വാക്കൗട്ട് നടത്തിയിരുന്നു.
'കൊലപാതകമാണെന്ന് മുഖ്യമന്ത്രി തന്നെ പറയുമ്പോള്‍ നമ്മുടെ പോലീസിന് എങ്ങനെ സ്വയം അന്വേഷിക്കാനാകും? സിബിഐ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുകൊണ്ടുവരാന്‍ കഴിയൂ. പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് മുഖ്യമന്ത്രി നടത്തിയത്'- പളനിസ്വാമി പറഞ്ഞു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം വിഘ്‌നേഷിന് തലയിലും കണ്ണിനും കവിളിനും പരിക്കുകളുണ്ടായിരുന്നു. മറ്റ് ചില പരിശോധനകളുടെ റിപ്പോര്‍ട്ടുകള്‍ ഇതുവരെ വന്നിട്ടില്ലാത്തതിനാല്‍ മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിഘ്‌നേഷിന് കസ്റ്റഡിയില്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നുമായിരുന്നു പോലിസ് ഭാഷ്യം.