20 കോടിയുടെ ബംഗ്ലാവ്, 82 പ്ലോട്ടുകള്‍, ഫഌറ്റ്, പെട്രോള്‍ പമ്പ്, 25 ഷോപ്പുകള്‍, 2.26 കോടി രൂപ...; റവന്യൂ ഓഫിസറില്‍ നിന്നു കണ്ടെടുത്ത അഴിമതിസ്വത്ത്
തദ്സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച കമലേഷിനെ സാഹി റാം മീണയും സംഘവും പിന്തുടര്‍ന്ന് അന്വേഷിക്കുകയായിരുന്നു
ന്യൂഡല്‍ഹി: ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് എത്രവരെ സമ്പാദിക്കാമെന്നാണ് നിങ്ങള്‍ക്ക് ഊഹിക്കാവുന്നത്. അതിലുമപ്പുറമാണ് രാജസ്ഥാനിലെ റവന്യൂ ഉദ്യോസ്ഥന്റെ സമ്പാദ്യം. 20 കോടിയുടെ ബംഗ്ലാവ്, ഒരു പെട്രോള്‍ പമ്പ്, 25 ഷോപ്പുകള്‍, 82 പ്ലോട്ടുകള്‍, 2.26 കോടി ഇന്ത്യന്‍ രൂപ തുടങ്ങിയവയാണ് ഇന്ത്യന്‍ റവന്യൂ സര്‍വീസിലെ ഒരു ഓഫിസറായ കമലേഷിന്റെ വീട്ടില്‍ രാജസ്ഥാന്‍ ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത്. പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥര്‍ തന്നെ സ്വത്തുക്കളുടെ വിവരങ്ങള്‍ കണ്ട് ഞെട്ടിത്തരിച്ചു.
രാജസ്ഥാനിലെ കോട്ടയിലെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയിലെ അഡീഷനല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സാഹി റാം മീണയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. കറുപ്പ് വില്‍പനയ്ക്കു ലൈസന്‍സ് നല്‍കുന്ന കോഓഡിനേറ്ററായി സേവനമനുഷ്ഠിച്ചപ്പോഴാണ് കമലേഷ് ഇത്രയും സ്വത്തുക്കള്‍ വാരിക്കൂട്ടിയത്. ഇദ്ദേഹത്തെ സ്ഥലംമാറ്റിയപ്പോള്‍ പ്രതിഷേധിച്ചതോടെയാണ് രഹസ്യം പിടികിട്ടിയത്. തദ്സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച കമലേഷിനെ സാഹി റാം മീണയും സംഘവും പിന്തുടര്‍ന്ന് അന്വേഷിക്കുകയായിരുന്നു.
തുടര്‍ന്ന് കമലേഷിന്റെ ജയ്പൂര്‍ ജഗത്പൂരിലെ ശങ്കര്‍ വിഹാര്‍ ഏരിയയിലെ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് ഉദ്യോഗസ്ഥരും ഞെട്ടിത്തരിച്ചത്. 82 പ്ലോട്ടുകള്‍, 25ലേറെ ഷോപ്പുകള്‍, ജയ്പൂരിലെ വിഐപി കോളനിയില്‍ ബംഗ്ലാവ്, മുംബൈയില്‍ ഒരു ഫഌറ്റ്, ഒരു പെട്രോള്‍ പമ്പ്, ഒരു വിവാഹ പൂന്തോട്ടം, രണ്ട് ഹെക്ടറിനടുത്ത് കൃഷിഭൂമി എന്നിവയുടെ രേഖകളാണ് കണ്ടെടുത്തത്. ഇതില്‍ ജയ്പൂര്‍ ബംഗ്ലാവിനു മാത്രം 20 കോടിയോളം വിലമതിക്കും. 6.22 ലക്ഷത്തിന്റെ ആഭരണങ്ങളും 2.2 കോടിയിലേറെ ഇന്ത്യന്‍ കറന്‍സിയും കണ്ടെടുത്തു. ഇവയെല്ലാം കണ്ടുകെട്ടിയിരിക്കുകയാണ്. കൂടുതല്‍ സ്വത്തുക്കള്‍ ഉണ്ടോയെന്നറിയാന്‍ അന്വേഷണം തുടരുകയാണ്.