രാമക്ഷേത്ര പ്രതിഷ്ഠ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയില്‍ ഹരജി
ലഖ്നോ: ജനുവരി 22ന് നടക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയില്‍ ഹരജി. ശങ്കരാചാര്യന്‍മാരുടെ എതിര്‍പ്പ് ചൂണ്ടിക്കാട്ടി ഗാസിയാബാദ് സ്വദേശിയായ ഭോല ദാസാണ് ഹരജി നല്‍കിയത്.
അയോധ്യയില്‍ ജനുവരി 22ന് മതപരമായ ഒരു ചടങ്ങ് നടക്കുന്നുണ്ട്. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങാണ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്നാണ് പ്രതിഷ്ഠ നിര്‍വഹിക്കുന്നത്. ഇതിനെ എതിര്‍ത്ത് ശങ്കരാചാര്യര്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ മാസം ഇത്തരം ചടങ്ങുകള്‍ നടത്താന്‍ പാടില്ല. പണി പൂര്‍ത്തിയാകാത്ത ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തുന്നത് ആചാരങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹരജിയില്‍ പറയുന്നു.
സനാതന ധര്‍മം അനുസരിച്ചാണ് പ്രതിഷ്ഠാ ചടങ്ങ് നടത്തേണ്ടത്. എന്നാല്‍, തെരഞ്ഞെടുപ്പിലെ നേട്ടം ലക്ഷ്യമിട്ടാണ് ബി.ജെ.പി ചടങ്ങ് നടത്തുന്നതെന്നും ഹരജിയില്‍ ആരോപിക്കുന്നു. നേരത്തെ പുരി ശങ്കരാചാര്യരായ സ്വാമി നിശ്ചലാനന്ദ് സരസ്വതി പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. പണി പൂര്‍ത്തിയാകാത്ത ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തുന്നത് സനാതന ധര്‍മത്തിന് വിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയെന്ന് ആരോപിച്ച് പ്രതിപക്ഷ കക്ഷികളും പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. ബി.ജെ.പിയും ആര്‍.എസ്.എസും ചേര്‍ന്ന് മോദിയുടെ രാഷ്ട്രീയ പരിപാടിയാണ് അയോധ്യയില്‍ നടത്തുന്നതെന്നും അതുകൊണ്ട് പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.