എഎപി എംഎല്‍എ അനില്‍ ബാജ്പായ് ബിജെപിയില്‍ ചേര്‍ന്നു

Update: 2019-05-03 12:46 GMT

ന്യൂഡല്‍ഹി: ദല്‍ഹിയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ഗാന്ധിനഗറില്‍ നിന്നുള്ള എഎപി എംഎല്‍എ അനില്‍ ബാജ്പായ് ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി വിജയ് ഗോയലിന്റെ സാന്നിധ്യത്തിലാണ് ബജ്പായി കുങ്കുരി പാര്‍ട്ടിയില്‍ ചേര്‍ന്നത്. ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് ബിജെപിയിലേക്കുള്ള കൊഴിഞ്ഞുപോക്ക് ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. .

തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ കൂറുമാറ്റങ്ങളും പാര്‍ട്ടി മാറലുകളും സാധാരണമാണെങ്കിലും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള ആം ആദ്മി പാര്‍ട്ടിയുടെ നീക്കത്തിനിടയിലാണ് ഈ കൊഴിഞ്ഞുപോക്കെന്നത് ശ്രദ്ധേയമാണ്. കോണ്‍ഗ്രെസ്സുമായുള്ള സഖ്യ നീക്കത്തിനെതിരേ പാര്‍ട്ടിക്കകത്ത് ശക്തമായ വിയോജിപ്പുകള്‍ ഉയര്‍ന്നുവന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഉള്‍പ്പെടെയുള്ള എഎപി നേതാക്കള്‍ ബിജെപി കുതിരകച്ചവടത്തിന് ശ്രമിക്കുന്നെന്ന ആരോപണം ഉന്നയിച്ച് രംഗത്തെത്തി മണിക്കൂറുകള്‍ പിന്നിട്ടപ്പോഴേക്കുമാണ് എഎപി എംഎല്‍എ ബിജെപിയില്‍ എത്തിയത്. അതേസമയം വര്‍ഷങ്ങളോളം ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ട് പാര്‍ട്ടിയില്‍ നിന്ന് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് ബാജ്‌പേയ് ആരോപിച്ചു. പാര്‍ട്ടി അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്ന് മാറി സഞ്ചരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏഴ് ആം ആദ്മി എംഎല്‍എമാര്‍ക്ക് ബിജെപി 10 കോടി രൂപ വീതം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് എഎപി നേതാവ് സിസോദിയ ആരോപിച്ചിരുന്നു. എന്നാല്‍, ബിജെപിയില്‍ ചേരുന്നതിന് താന്‍ പണം കൈപ്പറ്റിയിട്ടില്ലെന്ന് ബാജ്‌പേയ് പറഞ്ഞു. പതിനാല് എഎപി എംഎല്‍എ മാര്‍ ബിജെപിയുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് ദല്‍ഹി ബിജെപി മുന്‍ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ഗോയല്‍ പറഞ്ഞു. 

Tags:    

Similar News