രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടുവിനെതിരെ നടപടി
ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശങ്ങളില്‍ കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടുവിനെതിരെ നടപടി. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 353 (2), 192, 196 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കര്‍ണാടക കോണ്‍ഗ്രസ് സമര്‍പ്പിച്ച പരാതിയിയിലാണ് നടപടി.രവ്‌നീത് സിങ് ബിട്ടുവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
രാഹുല്‍ ഗാന്ധിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിലെ പരാമര്‍ശങ്ങളില്‍ പ്രതികരിക്കവെ രാഹുലിനെ ഭീകരവാദിയെന്നാണ് രവ്‌നീത് സിങ് ബിട്ടു അധിക്ഷേപിച്ചത്. രാഹുലിനെതിരെ രൂക്ഷഭാഷയിലായിരുന്നു അധിക്ഷേപം. രാഹുല്‍ ഗാന്ധി രാജ്യത്തെ നമ്പര്‍ വണ്‍ ഭീകരവാദിയാണെന്നും രാഹുല്‍ ഇന്ത്യക്കാരനല്ലെന്നുമാണ് മന്ത്രി പറഞ്ഞത്.
വാഷിങ്ടണിലെ ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. സിഖ് സമുദായക്കാര്‍ക്ക് തലപ്പാവും വളയും ധരിക്കാനും ഗുരുദ്വാരയില്‍ പോകാനും അനുവാദമില്ലാത്ത സാഹചര്യമാണ് ഇന്ത്യയില്‍ സംജാതമാകുന്നതെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഇതിനുവേണ്ടിയാണ് പോരാട്ടമെന്നും ഇത് ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം പ്രശ്നമല്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇതിനെതിരേ വന്‍ വിമര്‍ശങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.
അതേസമയം പഞ്ചാബില്‍ നിന്നുള്ള ബിജെപി എം.പിയാണ് രവ്നീത് സിങ് ബിട്ടു. പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവായിരുന്ന വ്നീത് സിങ് ബിട്ടു കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് ബിജെപിയില്‍ ചേരുന്നത്. തുടര്‍ന്ന് മൂന്നാം മോദി മന്ത്രിസഭയില്‍ റെയില്‍വേ സഹമന്ത്രിയായും ഭക്ഷ്യ സംസ്‌കരണ വ്യവസായ സഹമന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടു.