കര്‍ഷകസമരത്തെ പിന്തുണച്ച് 'ടൂള്‍ കിറ്റ്' പ്രതിഷേധം: ബംഗളൂരുവില്‍നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തക അറസ്റ്റില്‍
ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍ കാംപയിന്റെ സ്ഥാപക പ്രവര്‍ത്തകരിലൊരാളായ ബംഗളൂരുവില്‍നിന്നുള്ള യുവ പരിസ്ഥിതിപ്രവര്‍ത്തക ദിഷ രവി (21) യാണ് ഡല്‍ഹി പോലസിന്റെ അറസ്റ്റിലായത്. ടൂള്‍ കിറ്റ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നാണ് ദിഷ രവിക്കെതിരേയുള്ള കേസ്. മൗണ്ട് കാര്‍മല്‍ വനിതാ കോളജ് വിദ്യാര്‍ഥിനിയാണ് ദിഷ.
ബംഗളൂരു: കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അന്താരാഷ്ട്ര പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ് പങ്കുവച്ച ടൂള്‍ കിറ്റ് പ്രതിഷേധ പരിപാടികളില്‍ ആദ്യ അറസ്റ്റ്. ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍ കാംപയിന്റെ സ്ഥാപക പ്രവര്‍ത്തകരിലൊരാളായ ബംഗളൂരുവില്‍നിന്നുള്ള യുവ പരിസ്ഥിതിപ്രവര്‍ത്തക ദിഷ രവി (21) യാണ് ഡല്‍ഹി പോലസിന്റെ അറസ്റ്റിലായത്. ടൂള്‍ കിറ്റ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നാണ് ദിഷ രവിക്കെതിരേയുള്ള കേസ്. മൗണ്ട് കാര്‍മല്‍ വനിതാ കോളജ് വിദ്യാര്‍ഥിനിയാണ് ദിഷ.
ഇന്നലെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത ദിഷയെ പോലിസ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ ബംഗളൂരുവില്‍നിന്നും ഡല്‍ഹിയിലെത്തിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ടൂള്‍കിറ്റ് എന്ന പേരില്‍ സമരപരിപാടികള്‍ ഗ്രെറ്റ തന്‍ബര്‍ഗ് നേരത്ത ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരുന്നു. സംഭവത്തില്‍ ഫെബ്രുവരി 4നാണ് പോലിസ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്.
രാജ്യത്തെ കര്‍ഷകസമരം അന്താരാഷ്ട്രശ്രദ്ധ നേടിയത് ഗ്രെറ്റ് തന്‍ബര്‍ഗിന്റെ ട്വീറ്റിലൂടെയാണ്. കര്‍ഷകസമരത്തെ പിന്തുണയ്‌ക്കേണ്ടത് എങ്ങനെയാണെന്ന് വിശദീകരിച്ച് ഗ്രെറ്റ ട്വീറ്റ് ചെയ്ത ടൂള്‍ കിറ്റിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് പോലിസ് പറയുന്നു. രാജ്യത്തിന്റെ ഐക്യത്തെയും സമാധാനത്തെയും തകര്‍ക്കാന്‍ ആഹ്വാനം ചെയ്യുന്നതാണ് ടൂള്‍ കിറ്റ് എന്ന് ഡല്‍ഹി പോലിസ് സ്‌പെഷ്യല്‍ കമ്മീഷണര്‍ പര്‍വീര്‍ രഞ്ചന്‍ പറഞ്ഞു.
ജനുവരി 26ന് നടന്ന സംഭവങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചനയാണ് ടൂള്‍കിറ്റ് എന്നും ഡല്‍ഹി പോലിസ് ആരോപിക്കുന്നു. കേന്ദ്രസര്‍ക്കാരിനെതിരേ വിദ്വേഷം പ്രചരിപ്പിച്ചതിന് ഞങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതൊരു രാജ്യദ്രോഹമാണ്. മതപരവും സാംസ്‌കാരികവും സാമൂഹികവുമായ ഗ്രൂപ്പുകള്‍ അപസ്വരങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. ഇത്തരം പദ്ധതിക്ക് രൂപം നല്‍കാനുള്ള ക്രിമിനല്‍ ഗൂഢാലോചന നടന്നുവെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.