ഭീമാ കൊറെഗാവ് കേസ്: ഗൗതം നവ്‌ലാഖ ജയില്‍ മോചിതനായി; ഇനി വീട്ടുതടങ്കലില്‍

Update: 2022-11-19 15:13 GMT

ന്യൂഡല്‍ഹി: ഭീമാ കൊറെഗാവ് കേസില്‍ തടവിലായിരുന്ന പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖ ജയില്‍ മോചിതനായി. നവി മുംബൈയിലെ തലോജ ജയിലില്‍നിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റാന്‍ നവ്‌ലാഖയെ പോലിസിന് കൈമാറി. വീട്ടുതടങ്കലിലേക്ക് മാറ്റാന്‍ സുപ്രിംകോടതി ഉത്തരവായതോടെയാണ് വൈകീട്ട് നവ്‌ലാഖ ജയില്‍ മോചിതനായത്. നവി മുംബെയില്‍ സിപിഎം ഉടമസ്ഥതയിലുള്ള കമ്മ്യൂണിറ്റി ഹാളിലാണ് നവ്‌ലാഖയെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുക. ഭീമാ കൊറെഗാവ് കേസില്‍ ഗൗതം നവ്‌ലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന സുപ്രിംകോടതി ഉത്തരവ് റദ്ദാക്കണമെന്ന എന്‍ഐഎ ആവശ്യം കഴിഞ്ഞ ദിവസം സുപ്രിംകോടതി തള്ളിയിരുന്നു.

24 മണിക്കൂറിനുള്ളില്‍ ഗൗതം നവ്‌ലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റണമെന്നായിരുന്നു കോടതി ഉത്തരവ്. കഴിഞ്ഞ ആഴ്ചയായിരുന്നു അദ്ദേഹത്തെ വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന ആവശ്യം അംഗീകരിച്ചുകൊണ്ട് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ഉത്തരവിട്ടത്. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല.

സുരക്ഷാപ്രശ്‌നങ്ങളുണ്ടെന്നായിരുന്നു എന്‍ഐഎയുടെ വാദം. അതൊരു സിപിഎം ജില്ലാ സെക്രട്ടറിയുടെ പേരിലുള്ള വീടാണെന്നും അവിടെ താമസിപ്പിക്കാന്‍ കഴിയില്ലെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടിയിരുന്നു. വീട്ടുതടങ്കല്‍ മരവിപ്പിക്കണമെന്നും നവ്‌ലാഖയുടെ കാര്യത്തില്‍ സുപ്രിംകോടതിയെ ബെഞ്ച് തെറ്റിദ്ധരിപ്പിച്ചതാണെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും വാദിച്ചു. ആരോഗ്യനില കണക്കിലെടുക്കണമെന്ന വാദവും അദ്ദേഹം തള്ളി.

ഓരോ തവണ ആരോഗ്യപ്രശ്‌നങ്ങളുണ്ടാവുമ്പോഴും നവ്‌ലാഖയെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ചില സമയങ്ങളില്‍ ആശുപത്രിയില്‍ പോകാന്‍ നവ്‌ലാഖ വിസമ്മതിക്കുമായിരുന്നുവെന്നും തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. എന്നാല്‍, എന്‍ഐഎയുടെയും സോളിസിറ്റര്‍ ജനറലിന്റെയും വാദങ്ങള്‍ സുപ്രിംകോടതി തള്ളിക്കളയുകയാണ് ചെയ്തത്. 'ഞങ്ങളുടെ ഉത്തരവിനെ ധിക്കരിക്കാനുള്ള പഴുതുകള്‍ കണ്ടെത്താന്‍ നിങ്ങള്‍ ശ്രമിക്കുകയാണെങ്കില്‍, ഞങ്ങള്‍ അത് ഗൗരവമായി കാണും'- എന്‍ഐഎ ഹരജി തള്ളിക്കൊണ്ട് സുപ്രിംകോടതി മുന്നറിയിപ്പ് നല്‍കി.

അതിനിടെ, ദേശീയ അന്വേഷണ ഏജന്‍സിയുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന മുംബൈയിലെ പ്രത്യേക കോടതി നവ്‌ലാഖയുടെ ഒരുമാസത്തെ വീട്ടുതടങ്കല്‍ സുഗമമാക്കാന്‍ റിലീസ് മെമ്മോ നല്‍കിയതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപോര്‍ട്ട് ചെയ്തു. കര്‍ശന സുരക്ഷാക്രമീകരണങ്ങളോടെയാണ് നവ്‌ലാഖയുടെ വീട്ടുതടങ്കല്‍ സുപ്രിംകോടതി അനുവദിച്ചിരിക്കുന്നത്.

Tags:    

Similar News