ഹിജാബ് കേസ്, സിദ്ദിഖ് കാപ്പന്‍, ഗൗതം നവ്‌ലാഖ ഹര്‍ജി: സുപ്രിം കോടതിയില്‍ നാളെ സുപ്രധാന കേസുകള്‍

സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചും ഹിജാബ് കേസ് ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചും പരിഗണിക്കും.

Update: 2022-08-28 12:42 GMT

ന്യൂഡല്‍ഹി: യുപി പോലിസ് അന്യായമായി ജയിലിലടച്ച മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ ഉള്‍പ്പടെ സുപ്രിംകോടതി നാളെ പരിഗണിക്കുന്നത് സുപ്രധാന കേസുകള്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് സംബന്ധിച്ച കേസ്, തലോജ ജയിലില്‍ നിന്ന് മാറ്റാനും പകരം വീട്ടുതടങ്കലില്‍ വയ്ക്കാനുമുള്ള തന്റെ അപേക്ഷ തള്ളിയ ബോംബെ ഹൈക്കോടതി വിധിക്കെതിരെ ഭീമ കൊറേഗാവ് കേസിലെ പ്രതിയായ ഗൗതം നവ്‌ലാഖ നല്‍കിയ ഹരജിയുമാണ് സുപ്രിംകോടതി നാളെ പരിഗണിക്കുന്നത്.

സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ചീഫ് ജസ്റ്റിസ് (സിജെഐ) യു യു ലളിത്, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചും ഹിജാബ് കേസ് ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചും പരിഗണിക്കും.

തലോജ ജയിലില്‍ നിന്ന് മാറ്റാനും പകരം വീട്ടുതടങ്കലില്‍ വയ്ക്കാനുമുള്ള തന്റെ അപേക്ഷ തള്ളിയ ബോംബെ ഹൈക്കോടതി വിധിക്കെതിരെ ഭീമ കൊറേഗാവ് പ്രതിയായ ഗൗതം നവ്‌ലാഖ നല്‍കിയ അപ്പീലും തിങ്കളാഴ്ച പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇതും ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കും.

ജസ്റ്റിസ് യു യു ലളിത് ശനിയാഴ്ച ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമുള്ള ആദ്യ സംഭവവികാസങ്ങളിലൊന്നാണ് ഈ കേസുകളുടെ പട്ടിക.

ആഗസ്റ്റ് 26 ന് മുന്‍ സിജെഐ എന്‍ വി രമണയ്ക്ക് സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങില്‍, ചീഫ് ജസ്റ്റിസെന്ന നിലയില്‍ തന്റെ മൂന്ന് പ്രധാന മുന്‍ഗണനകള്‍ കേസുകളുടെ പട്ടിക; അടിയന്തിര കാര്യങ്ങള്‍ പരാമര്‍ശിക്കുന്നതിനുള്ള ചട്ടക്കൂട്; ഭരണഘടനാ ബെഞ്ചുകള്‍ സ്ഥാപിക്കുക എന്നിവയായിരിക്കുമെന്ന് ജസ്റ്റിസ് ലളിത് പറഞ്ഞിരുന്നു.

ഹിജാബ് കേസ്

കോളജ് കാംപസില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ ഹിജാബ് (ശിരോവസ്ത്രം) ധരിക്കുന്നത് നിരോധിക്കാന്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ കോളജുകളിലെ കോളജ് വികസന സമിതികള്‍ക്ക് അധികാരം നല്‍കുന്ന കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് മാര്‍ച്ച് 15 ന് കര്‍ണാടക ഹൈക്കോടതി ശരിവെച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസുമാരായ കൃഷ്ണ എസ് ദീക്ഷിത്, ജെഎം ഖാസി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ ഉള്‍പ്പെടെ മൂന്ന് അപ്പീലുകളെങ്കിലും സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ

മലയാളി മാധ്യപ്രവര്‍ത്തകനും കേരള യൂനിയന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റ്‌സ് (കെയുഡബ്ല്യുജെ) ഡല്‍ഹി യൂനിറ്റ് സെക്രട്ടറിയുമായ കാപ്പന്‍, ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ ഹത്രാസിലേക്ക് പോകുമ്പോള്‍ 2020 ഒക്ടോബറില്‍ ഉത്തര്‍പ്രദേശില്‍ വെച്ച് മറ്റ് മൂന്ന് പേര്‍ക്കൊപ്പം അറസ്റ്റിലായി.

കാപ്പനും കൂട്ടുപ്രതികളും ഹത്രാസിലേക്ക് യാത്ര ചെയ്തത് പ്രദേശത്തെ സൗഹാര്‍ദ്ദം തകര്‍ക്കുക എന്ന ഉദ്ദേശത്തോടെയാണ് എന്നാണ് പ്രോസിക്യൂഷന്‍ കേസ്. തെറ്റായ വിവരങ്ങള്‍ നിറഞ്ഞ വെബ്‌സൈറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിനും അക്രമത്തിന് പ്രേരിപ്പിക്കുന്നതിനുമാണ് ഇവര്‍ ഫണ്ട് ശേഖരിക്കുന്നും യുപി പോലിസ് ആരോപിച്ചു.

എല്ലാവര്‍ക്കുമെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ആക്ട് (യുഎപിഎ), സെക്ഷന്‍ 124 എ (രാജ്യദ്രോഹം), സെക്ഷന്‍ 153 എ (മതത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), സെക്ഷന്‍ 295 എ (മനഃപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികള്‍) എന്നിവ പ്രകാരം സെക്ഷന്‍ 17, 18 എന്നിവ ചുമത്തിയിട്ടുണ്ട്. മതവികാരങ്ങളെ പ്രകോപിപ്പിക്കുന്നതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന്റെ 65, 72, 75 വകുപ്പുകളും ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.

2021 ജൂലൈയില്‍ ഉത്തര്‍പ്രദേശിലെ ഹത്രാസ് കൂട്ടബലാത്സംഗ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുമ്പോള്‍ കാപ്പനും മറ്റ് കൂട്ടുപ്രതികളും നിയമവും മറ്റ് സാഹചര്യങ്ങളും തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കാണിച്ച് മഥുര കോടതി കാപ്പന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, പ്രോസിക്യൂഷന്‍ വാദങ്ങള്‍ അംഗീകരിച്ച സിംഗിള്‍ ജഡ്ജി ജസ്റ്റിസ് കൃഷന്‍ പഹല്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യ ഹര്‍ജി തള്ളി. ഇതാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുന്നതിന് കാരണമായത്.

ഗൗതം നവ്‌ലാഖ ഹര്‍ജി

തലോജ ജയിലില്‍ നിന്ന് മാറ്റി വീട്ടുതടങ്കലില്‍ പാര്‍പ്പിക്കണമെന്ന തന്റെ അപേക്ഷ തള്ളിയ ബോംബെ ഹൈക്കോടതി വിധിക്കെതിരെ നവ്‌ലാഖ സുപ്രീം കോടതിയെ സമീപിച്ചു.

മനുഷ്യാവകാശ പ്രവര്‍ത്തകയും പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്‌സിന്റെ മുന്‍ സെക്രട്ടറിയുമായ നവ്‌ലാഖയെ 2018 ഓഗസ്റ്റില്‍ അറസ്റ്റ് ചെയ്‌തെങ്കിലും ആദ്യം വീട്ടുതടങ്കലിലാക്കിയിരുന്നു. പിന്നീട് സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് 2020 ഏപ്രിലില്‍ മഹാരാഷ്ട്രയിലെ തലോജ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

തന്റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി വിധിയെ ആശ്രയിച്ച്, തലോജയില്‍ തനിക്ക് അടിസ്ഥാന വൈദ്യസഹായവും മറ്റ് ആവശ്യങ്ങളും നിഷേധിക്കപ്പെടുന്നുണ്ടെന്നും വാര്‍ധക്യ സഹചമായ വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി നവ്‌ലാഖ ഹൈക്കോടതിയെ സമീപിച്ചു.എന്നാല്‍, ജസ്റ്റിസുമാരായ എസ്ബി ഷുക്രെ, ജിഎ സനപ് എന്നിവരടങ്ങിയ ബെഞ്ച് ഈ ഹര്‍ജി തള്ളി. ഇതോടെയാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

Tags:    

Similar News