ഹിജാബ് കേസ്: അന്തിമ വിധിയില്‍ മൗലിവാകാശം സംരക്ഷിക്കുമെന്ന് പ്രതീക്ഷയെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: ഹിജാബ് കേസ് സുപ്രിം കോടതി ഡിവിഷന്‍ ബെഞ്ചിലെ ഭിന്നവിധി മൂലം വിശാല ബെഞ്ചിലെത്തിയ സാഹചര്യത്തില്‍ മൗലികാവകാശം സംരക്ഷിക്കുന്ന അന്തിമ വിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. വിശാല ബെഞ്ചിന് കേസ് വിട്ട സാഹചര്യത്തില്‍ ഹിജാബ് ധരിക്കുന്ന വിദ്യാര്‍ത്ഥിനികളുടെ പഠനം മുടങ്ങാതിരിക്കാനുള്ള നിര്‍ദേശം സുപ്രിം കോടതിയില്‍ നിന്നുണ്ടാകണം. സുപ്രിം കോടതി ചീഫ് ജസ്റ്റിസില്‍ നിന്ന് അത്തരമൊരു ഇടപെടല്‍ ഉണ്ടാകുമെന്ന് കരുതുന്നു. വസ്ത്ര സ്വാതന്ത്ര്യവും വിശ്വാസസ്വാതന്ത്ര്യവും ഭരണഘടന ഉറപ്പ് നല്‍കിയ മൗലികാവകാശങ്ങളാണ്. അതുറപ്പു വരുത്തേണ്ട ഉത്തരവാദിത്വം സുപ്രിം കോടതിക്കുണ്ട്.
ഹിജാബ് അനിവാര്യ മതാചാരമാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ട് അതാത് മതസമൂഹങ്ങളും വിശ്വാസികളുമാണ്. ഇത് സംബന്ധിച്ച കര്‍ണാടക ഹൈക്കോടതി വിധി മൂലം ഹിജാബ് അനിവാര്യ മതാചാരമെന്ന് വിശ്വസിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥിനികളുടെ പഠനം പാതി വഴിയില്‍ നിന്നു പോയതായി സ്ഥിതി വിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. രാജ്യത്തെ വലിയൊരു വിഭാഗം വിദ്യാര്‍ത്ഥിനികളുടെ പഠനം മുടങ്ങുന്ന സാഹചര്യം ഇല്ലാതാക്കുന്നതും മൗലികാവകാശം സംരക്ഷിക്കുന്നതുമായ വിധിയാണ് സുപ്രിംകോടതിയില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നത്. നിര്‍ഭാഗ്യവശാല്‍ ഡിവിഷന്‍ ബഞ്ചില്‍ നിന്ന് വന്ന ഭിന്നവിധി മൂലം വിശാല ബെഞ്ചിലേക്ക് കേസ് എത്തുകയാണ്. രാജ്യത്തെ പരമോന്നത കോടതിയില്‍ നിന്ന് ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന അന്തിമ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.