ചെന്നൈ: തമിഴ് നടന്‍ വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കി. ചെന്നൈ യിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് വിജയ് പതാക പുറത്തിറക്കിയത്. വാകപ്പൂവിന് ഇരുവശത്തായി രണ്ട് ആനകള്‍ നില്‍ക്കുന്ന തരത്തില്‍ ചുവപ്പും മഞ്ഞയും നിറം കലര്‍ന്നതാണ് പതാക . 30 അടിയിലധികം ഉയരമുള്ള കൊടിമരത്തില്‍ വിജയ്, പാര്‍ട്ടി പതാക ഉയര്‍ത്തി.
ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങള്‍ താന്‍ ഇല്ലാതാക്കുമെന്ന് വിജയ് പറഞ്ഞു. പ്രതിനിധികള്‍ ചടങ്ങില്‍ പാര്‍ട്ടി പ്രതിജ്ഞ ചൊല്ലി. ''നമ്മുടെ രാജ്യത്തിന്റെ വിമോചനത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച പോരാളികളെയും തമിഴ് മണ്ണിലെ നമ്മുടെ ജനങ്ങളുടെ അവകാശങ്ങള്‍ക്കായി അക്ഷീണം പോരാടിയ എണ്ണമറ്റ സൈനികരെയും ഞങ്ങള്‍ എപ്പോഴും അഭിനന്ദിക്കും. ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങള്‍ ഞാന്‍ ഇല്ലാതാക്കും. ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനും എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ക്കും തുല്യ അവകാശങ്ങള്‍ക്കും വേണ്ടി പരിശ്രമിക്കും. എല്ലാ ജീവജാലങ്ങള്‍ക്കും തുല്യത എന്ന തത്വം ഞാന്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് ആത്ഥാര്‍ഥമായി പ്രതിജ്ഞ ചെയ്യുന്നു.'' ഇതായിരുന്നു പാര്‍ട്ടി പ്രതിജ്ഞ.
കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് തമിഴക വെട്രി കഴകമെന്ന പാര്‍ട്ടി പ്രഖ്യാപിച്ചത്. സിനിമ ജീവിതം അവസാനിപ്പിക്കുകയാണെന്നും 2026ല്‍ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും വിജയ് പ്രഖ്യാപിച്ചിരുന്നു.