തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പ്; വിജയ് ഫാന്‍സിന് പഞ്ചായത്ത് ഭരണം

വില്ലുപുരം ജില്ലയിലെ വാനുര്‍ പഞ്ചായത്തില്‍ വിജയ് ഫാന്‍സിലെ സാവിത്രി പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

Update: 2021-10-14 13:04 GMT

ചെന്നൈ: തമിഴ്‌നാട്ടിലെ പുതുതായി രൂപീകരിച്ച ഒന്‍പത് ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നടന്‍ വിജയ്‌യുടെ ഫാന്‍സ് അസോസിയേഷനായ ദളപതി വിജയ് മക്കള്‍ ഇയക്കത്തിന് (ടിവിഎംഐ) അപ്രതീക്ഷിത വിജയം. വില്ലുപുരം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനം വിജയ് ഫാന്‍സ് നേടി. തിരഞ്ഞെടുപ്പില്‍ മത്സരിച്ച ടിവിഎംഐയുടെ 169 സ്ഥാനാര്‍ഥികളില്‍ 115 പേരും മികച്ച വിജയമാണ് നേടിയത്. വില്ലുപുരം ജില്ലയിലെ വാനുര്‍ പഞ്ചായത്തില്‍ വിജയ് ഫാന്‍സിലെ സാവിത്രി പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.


വിജയ് പോലും സഹായിക്കാത്ത തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിച്ച അദ്ദേഹത്തിന്റെ നൂറിലധികം ആരാധകരാണ് വിജയിച്ചിരിക്കുന്നത്. ആരാധകരെ പരസ്യമായി പിന്തുണച്ചില്ലങ്കിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിക്കാനും പ്രചാരണ വേളയില്‍ തന്റെ ചിത്രവും ടിവിഎംഐ പതാകയും ഉപയോഗിക്കാനും നടന്‍ വിജയ് അനുവദിച്ചിരുന്നു. ഒക്ടോബര്‍ 6, 9 തീയതികളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 115 പേരില്‍ 13 പേര്‍ എതിരില്ലാതെയാണ് വിജയിച്ചത്.


ഈ വിജയം ഞങ്ങളുടെ നേതാവിനാണ്. ഞങ്ങള്‍ അദ്ദേഹത്തിന്റെ ഫോട്ടോകളുമായി ആളുകളിലേക്ക് പോയി, അതു കൊണ്ടാണ് അവര്‍ ഞങ്ങളുടെ നേതാവിന് വോട്ട് ചെയ്തുവെന്നാണ് ഉറച്ചു വിശ്വസിക്കുന്നത് എന്നാണ് സംഘടനാ നേതൃത്വം പ്രതികരിച്ചിരിക്കുന്നത്. ആളുകള്‍ക്ക് വിജയ്‌യോടുള്ള ആദരവ് നേരില്‍ കാണാന്‍ കഴിഞ്ഞതായും ദളപതി വിജയ് മക്കള്‍ ഇയക്കം ജനറല്‍ സെക്രട്ടറി ബസ്സി ആനന്ദ് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.


നടന്‍ കമല്‍ഹാസന്റെയും നാം തമിഴര്‍ കച്ചിയുടെയും പാര്‍ട്ടികള്‍ തകര്‍ന്നടിഞ്ഞ തിരഞ്ഞെടുപ്പിലാണ് വിജയ് ഫാന്‍സിന്റെ ഈ തകര്‍പ്പന്‍ മുന്നേറ്റം. ബിജെപി സര്‍ക്കാറിന്റെ നോട്ട് നിരോധനം ഉള്‍പ്പടെയുള്ള നടപടികളെ രൂക്ഷമായി വിമര്‍ശിക്കുന്ന വിജയ് സിനിമകള്‍ തമിഴ്‌നാട്ടില്‍ ഏറെ സ്വീകരിക്കപ്പെട്ടിരുന്നു.




Tags:    

Similar News