തമിഴ്‌നാട്ടില്‍ മികച്ച പോളിങ്

തേനിയില്‍ ഒ പനീര്‍സെല്‍വത്തിന്റെ മകന്‍ രവീന്ദ്ര നാഥ് കുമാര്‍ എം പി സഞ്ചരിച്ച കാറിനു നേരെ അക്രമമുണ്ടായി.

Update: 2021-04-06 17:06 GMT

ചെന്നൈ: തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ മികച്ച പോളിങ്. 72 ശതമാനത്തിനു മുകളില്‍ പോളിങ് നടന്നു. നേരിയ അക്രമസംഭവങ്ങളൊഴിച്ചാല്‍ പൊതുവേ സമാധാനപരമായിരുന്നു തമിഴ്‌നാട്ടിലെ വോട്ടെടുപ്പ്. രാവിലെ പോളിങ്ങ് നിരക്ക് ഉയര്‍ന്നെങ്കിലും ഉച്ചയ്ക്ക് ശേഷം അല്‍പ്പം കുറഞ്ഞു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍, മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍ തുടങ്ങി പ്രധാന നേതാക്കളും സിനിമാ താരങ്ങളില്‍ അധികം പേരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.


തേനിയില്‍ ഒ പനീര്‍സെല്‍വത്തിന്റെ മകന്‍ രവീന്ദ്ര നാഥ് കുമാര്‍ എം പി സഞ്ചരിച്ച കാറിനു നേരെ അക്രമമുണ്ടായി. വാഹനത്തിന്റെ ചില്ല് ഒരു സംഘം അടിച്ച് തകര്‍ത്തു. തൊണ്ടാമുത്തൂര്‍ മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാര്‍ത്ഥി കാര്‍ത്തികേയ ശിവസേനാപതിയെ ഒരു സംഘം കയ്യേറ്റം ചെയ്തു.


വിരുദ്‌നഗര്‍ ടൗണ്‍ ബൂത്തില്‍ ആര്‍ക്ക് വോട്ട് ചെയ്താലും ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് പതിഞ്ഞത് പ്രശ്‌നമായി. ഇവിടെ അല്‍പ്പനേരം വോട്ടെടുപ്പ് നിര്‍ത്തിവെച്ചു. പിന്നീട് പുതിയ വോട്ടിംഗ് മെഷിന്‍ എത്തിച്ചാണ് പ്രശ്‌നം പരിഹരിച്ചത്. ചെന്നൈയില്‍ ബൂത്തിലേയ്ക്ക് ബിജെപി ചിഹ്നം വെച്ച കാറിലെത്തിയ ഖുഷ്ബു സുന്ദറിനെതിരെ ഡിഎംകെയും കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ ബിജെപി പണം വിതരണം ചെയ്‌തെന്ന പരാതിയുമായി കമല്‍ഹാസനും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.




Tags:    

Similar News