കശ്മീരിലെ കൊലപാതകങ്ങള്‍; ഉന്നതതല യോഗം ചേരുന്നു, കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണറും ഡല്‍ഹിയില്‍
ശ്രീനഗര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ കശ്മീരില്‍ ഉന്നതതല യോഗം ചേരുന്നു. കശ്മീരി പണ്ഡിറ്റ് സമൂഹത്തെ ലക്ഷ്യംവച്ചുള്ള കൊലപാതക പരമ്പരകളുടെ പശ്ചാത്തലത്തിലാണ് യോഗം. കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മാനോജ് സിന്‍ഹ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കരസേനാ മേധാവി മനോജ് പാണ്ഡെ, ജമ്മു കശ്മീര്‍ പോലിസ് ഡയറക്ടര്‍ ജനറല്‍ ദില്‍ബാഗ് സിങ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ലെഫ്റ്റനന്റ് ഗവര്‍ണറെ അമിത് ഷാ ഡല്‍ഹിക്ക് വിളിപ്പിക്കുകയായിരുന്നു.
ജമ്മു കശ്മീര്‍ ഭരണകൂടം, സൈനിക മേധാവി, സുരക്ഷാ, രഹസ്യാന്വേഷണ ഏജന്‍സികളിലെ ഉന്നത ഉദ്യോഗസ്ഥരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായും കേന്ദ്ര ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഡല്‍ഹിയില്‍ അമിത് ഷായുടെ യോഗം. ബാങ്ക് ജീവനക്കാരനായ രാജസ്ഥാന്‍ സ്വദേശി വിജയകുമാറും, 17 കാരനായ കുടിയേറ്റ തൊഴിലാളി ദില്‍ഖുഷ് കുമാറുമാണ് ഇന്നലെ കൊല്ലപ്പെട്ടത്. ഹൈസ്‌കൂള്‍ അധ്യാപികയായ രജനി ബാല ചൊവ്വാഴ്ച കുല്‍ഗാം ജില്ലയില്‍ സായുധരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു.
അധ്യാപികയുടെ മരണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ടിക് ടോക് താരവും കൊല്ലപ്പെട്ടിരുന്നു. കശ്മീരി പണ്ടിറ്റുകളെ തിരഞ്ഞുപിടിച്ച് സായുധര്‍ ആക്രമിക്കുന്നതിനെതിരേ പണ്ഡിറ്റ് വിഭാഗം കടുത്ത പ്രതിഷേധത്തിലാണ്. പ്രധാനമന്ത്രിയുടെ പ്രത്യേക പാക്കേജില്‍ ജോലി ലഭിച്ച് കശ്മീരിലേക്ക് എത്തിയ പണ്ഡിറ്റ് വിഭാഗമാണ് ആക്രമിക്കപ്പെടുന്നത്. കശ്മീരിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കശ്മീരി പണ്ഡിറ്റുകള്‍ ആവശ്യം ശക്തമാക്കിയിട്ടുണ്ട്. നൂറുകണക്കിന് കശ്മീരി പണ്ഡിറ്റുകള്‍ വ്യാഴാഴ്ച ശ്രീനഗറിലും കേന്ദ്രഭരണ പ്രദേശത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രതിഷേധിച്ചു.