പ്രതിഷേധം കനത്തു; പഞ്ചാബില്‍ പുതിയ രാമായണ സീരിയല്‍ നിരോധിച്ചു
സീരിയലിനെതിരേ ശനിയാഴ്ച്ച പഞ്ചാബില്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ബന്ത് വിവിധ ഭാഗങ്ങളില്‍ അക്രമാസക്തമായി. ജലന്തറില്‍ ഒരാള്‍ക്ക് വെടിയേറ്റു. സീരിയലില്‍ വാല്‍മീകി മഹര്‍ഷിയെ മോശമായി ചിത്രീകരിക്കുന്നു എന്നാണ് ആരോപണം.
ചണ്ഡീഗഡ്: കളേസ് ടിവി സംപ്രേക്ഷണം ചെയ്യുന്ന രാമായണം സീരിയലിനെതിരേ വാല്‍മീകി സമുദായത്തിന്റെ പ്രക്ഷോഭം കനത്തു. സീരിയലിനെതിരേ ശനിയാഴ്ച്ച പഞ്ചാബില്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ബന്ത് വിവിധ ഭാഗങ്ങളില്‍ അക്രമാസക്തമായി. ജലന്തറില്‍ ഒരാള്‍ക്ക് വെടിയേറ്റു. സീരിയലില്‍ വാല്‍മീകി മഹര്‍ഷിയെ മോശമായി ചിത്രീകരിക്കുന്നു എന്നാണ് ആരോപണം.
പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് രാം സിയാ കെ ലവ് കുശ് എന്ന സീരിയല്‍ മുഖ്യമന്ത്രി അമരീന്തര്‍ സിങ് നിരോധിച്ചു.
വാല്‍മീകി സമുദായത്തെ അവഹേളിക്കുന്നതും ചരിത്രം വളച്ചൊടിക്കുന്നതുമായ നിരവധി പരാമര്‍ശങ്ങള്‍ സീരിയലില്‍ ഉണ്ടെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. സീരിയല്‍ രാജ്യവ്യാപകമായി നിരോധിക്കണമെന്നും മതവികാരം വ്രണപ്പടുത്തിയ കുറ്റത്തിന് സംവിധായകനും നടീനടന്മാര്‍ക്കുമെതിരേ നടപടി സ്വീകരിക്കണമെന്നും വാല്‍മീകി ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
സീരിയല്‍ ഉടന്‍ നിരോധിക്കണമെന്ന മുഖ്യമന്ത്രിയുടെ ഉത്തരവിനെ തുടര്‍ന്ന് ഡപ്യൂട്ടി കമ്മീഷണര്‍മാര്‍ അതത് ജില്ലകളിലുള്ള കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നോട്ടീസ് നല്‍കി.
വാല്‍മീകി ആക്ഷന്‍ കമ്മിറ്റിയുടെ ബന്തില്‍ ജലന്തര്‍, അമൃത്സര്‍, ഹോഷിയാര്‍പൂര്‍, കപൂര്‍ത്തല, ഫഗ്വാര, ഫിറോസ്പൂര്‍ എന്നിവിടങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. ലുധിയാനയില്‍ ബന്ത് ഭാഗികമായിരുന്നു. പ്രതിഷേധക്കാര്‍ ജലന്തറിനും അമൃത്സറിനും ഇടയില്‍ ദേശീയ പാത-1 ഉപരോധിച്ചു.
ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കിഷന്‍ ലാല്‍ ഹീറോ, പ്രസിഡന്റ് ധരംവീര്‍ സേതി എന്നിവരുടെ നേതൃത്വത്തില്‍ ഫഗ്വാരയില്‍ ബംഗാ റോഡില്‍ ഒരുമിച്ചു കൂടിയ പ്രതിഷേധക്കാര്‍ നഗരത്തില്‍ മാര്‍ച്ച് നടത്തിയ ശേഷം ഹര്‍ഗോബിന്ദ് നനഗറിലെ ബി ആര്‍ അംബേദ്കര്‍ പ്രതിമയ്ക്ക് മുന്നില്‍ സമരം അവസാനിപ്പിച്ചു. ദലിത് സംഘടനകളും പഞ്ചാബ് ഹജ്ജ് കമ്മിറ്റി അംഗം ഗുലാം സര്‍വര്‍ സബ്ബയുടെ നേതൃത്വത്തില്‍ മുസ്ലിം സംഘടനകളും പ്രതിഷേധത്തില്‍ അണിനിരന്നു. രാം സിയാ കെ ലവ് കുശ് സീരിയല്‍ രാജ്യവ്യാപകമായി നിരോധിച്ചില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
ഉത്തര്‍പ്രദേശില്‍ വലിയ പ്രചാരണമാണ് സീരിയലിന് നല്‍കിയത്. സരയൂ നദിക്കരയില്‍ പ്രത്യേക ചടങ്ങോട് കൂടിയായിരുന്നു ഉദ്ഘാടനം. ഭക്തി യാത്ര, രാമ സീതാ ആരതി തുടങ്ങി മതചടങ്ങുകളെ ഉപയോഗപ്പെടുത്തിയുള്ള പ്രചാരണങ്ങള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയും ഡിജിറ്റല്‍ മീഡിയയും ഉള്‍പ്പെടെ പ്രയോജനപ്പെടുത്തി. യുസി ബ്രൗസറുമായി കൈകോര്‍ത്തും പ്രചാരണം സംഘടിപ്പിച്ചിരുന്നു.