തിരഞ്ഞെടുപ്പ് റാലികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരേ മധ്യപ്രദേശ് സര്‍ക്കാര്‍ സുപ്രിംകോടതിയിലേയ്ക്ക്
നിര്‍ബന്ധിത കാരണങ്ങളില്ലാതെ ഒരു മല്‍സരാര്‍ഥിക്കും രാഷ്ട്രീയപ്പാര്‍ട്ടിക്കും പൊതുസമ്മേളനങ്ങള്‍ നടത്തുന്നതിന് അനുമതി നല്‍കരുതെന്നാണ് ഒമ്പത് ജില്ലകളിലെ മജിസ്‌ട്രേറ്റുമാരോട് കഴിഞ്ഞദിവസം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടത്.
ഭോപ്പാല്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് റാലികള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവിനെതിരേ മധ്യപ്രദേശ് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കുന്നു. നവംബറില്‍ 28 സീറ്റുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പൊതുസമ്മേളനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി ഗ്വാളിയര്‍ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. നിര്‍ബന്ധിത കാരണങ്ങളില്ലാതെ ഒരു മല്‍സരാര്‍ഥിക്കും രാഷ്ട്രീയപ്പാര്‍ട്ടിക്കും പൊതുസമ്മേളനങ്ങള്‍ നടത്തുന്നതിന് അനുമതി നല്‍കരുതെന്നാണ് ഒമ്പത് ജില്ലകളിലെ മജിസ്‌ട്രേറ്റുമാരോട് കഴിഞ്ഞദിവസം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടത്.
രണ്ട് രാഷ്ട്രീയറാലികളില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന അശോക് നഗറിലെ ഷദോറയിലെയും ഭണ്ഡറിലെയും ജനങ്ങളോട് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗ ഹാന്‍ മാപ്പ് പറഞ്ഞു. ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് റാലികള്‍ റദ്ദാക്കേണ്ടിവന്ന സാഹചര്യത്തിലാണിത്. ഹൈക്കോടതിയെയും അതിന്റെ തീരുമാനത്തെയും തങ്ങള്‍ ബഹുമാനിക്കുന്നുവെന്ന് ചൗഹന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. എന്നാല്‍, ഈ തീരുമാനത്തിനെതിരേ സുപ്രിംകോടതിയെ സമീപിക്കും. കാരണം ഒരേ രാജ്യത്ത് രണ്ടുനിയമങ്ങള്‍ ഉള്ളതുപോലെയാണ് തോന്നുന്നത്.
മധ്യപ്രദേശിന്റെ ചില ഭാഗങ്ങളില്‍ തിരഞ്ഞെടുപ്പ് റാലികള്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ചില പ്രദേശങ്ങളില്‍ നിരോധനവും. ബിഹാറില്‍ തിരഞ്ഞെടുപ്പ് റാലികള്‍ നടത്തുന്നുണ്ട്. അതിനാല്‍, തങ്ങള്‍ നീതിക്കുവേണ്ടി സുപ്രിംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമറിനും മുന്‍ മുഖ്യമന്ത്രി കമല്‍ നാഥിനുമെതിരേ പ്രഥമവിവര റിപോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ ഇന്നലെ ഉത്തരവിട്ടപ്പോള്‍ ഡിവിഷന്‍ ബെഞ്ചും രാഷ്ട്രീയറാലികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. വെര്‍ച്വല്‍ തിരഞ്ഞെടുപ്പ് പ്രചാരണം സാധ്യമല്ലെന്ന് മജിസ്ട്രേറ്റിനെ തൃപ്തിപ്പെടുത്താന്‍ രാഷ്ട്രീയപ്പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ കഴിഞ്ഞാല്‍ മാത്രമേ റാലികള്‍ക്ക് അനുമതി നല്‍കൂ- കോടതി പറഞ്ഞു.