പെഗാസസ്: സുപ്രിംകോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് മമത; ആവശ്യം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ

സംസ്ഥാനത്തെ കേന്ദ്ര കുടിശ്ശിക, വാക്‌സിന്‍ വിതരണം എന്നിവ സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്ന് മമത പറഞ്ഞു.

Update: 2021-07-27 11:56 GMT

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംഭവത്തില്‍ സുപ്രിംകോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹത്തിന്റെ വസതിയില്‍വച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അവര്‍ ഇക്കാര്യം ഉന്നയിച്ചത്.

ഇരുവരും കടുത്ത വാക് പോര് നടത്തിയ ബംഗാള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ബംഗാള്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയാണിത്. സംസ്ഥാനത്തെ കേന്ദ്ര കുടിശ്ശിക, വാക്‌സിന്‍ വിതരണം എന്നിവ സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്ന് മമത പറഞ്ഞു.

മെയില്‍ ഇരുവരും ഹൃസ്വമായ കൂടിക്കാഴ്ച നടത്തിയിരുന്നു.പ്രധാനമന്ത്രിയുടെ യാസ് ചുഴലിക്കാറ്റ് അവലോകന യോഗത്തില്‍ റിപോര്‍ട്ട് കൈമാറിയ ഉടനെ മമത സ്ഥലംവിട്ടത് കേന്ദ്രവും ബംഗാളും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിതുറന്നിരുന്നു.

ഇതിനു പിന്നാലെ ബംഗാള്‍ ചീഫ് സെക്രട്ടറി അലപന്‍ ബന്ദോപാധ്യായയെ കേന്ദ്രം തിരിച്ചുവിളിച്ചെങ്കിലും മെയ് 31ന് വിരമിക്കുകയും ബംഗാള്‍ മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവാകുകയും ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ അവലോകന യോഗത്തില്‍ പങ്കെടുത്തില്ലെന്നാരോപിച്ച് കടുത്ത ശിക്ഷാ നടപടി ഉണ്ടാവുമെന്ന് ജൂണില്‍ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.

കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥുമായും മമത കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയും ബംഗാള്‍ മുഖ്യമന്ത്രിയുടെ അജണ്ടയിലുണ്ട്. മൂന്ന് ദിവസത്തെ മമതയുടെ ഡല്‍ഹി സന്ദര്‍ശനം. രാഷ്ട്രീയമായി പ്രാധാന്യമുള്ള കൂടിക്കാഴ്ചകളാല്‍ നിറഞ്ഞുനില്‍ക്കുകയാണ്.

Tags:    

Similar News