ഭരണകൂടമേ, നിങ്ങള്‍ തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിന്റെ മകന്‍ മറ്റുള്ളവര്‍ക്കു വേണ്ടി ജീവിക്കാനാണു പഠിക്കുന്നത്
ജമ്മു: വര്‍ഷങ്ങള്‍ക്കു മുമ്പ് തിഹാര്‍ ജയിലിനു മുന്നില്‍ ഒരു കൈക്കുഞ്ഞുമായി കശ്മീരില്‍നിന്നുള്ള യുവതിയും മാതാവും എത്താറുണ്ടായിരുന്നു. വര്‍ഷങ്ങളെടുത്തപ്പോള്‍ ആ ഉമ്മയുടെ കൈ പിടിച്ചാണെത്തിയത്. ആ ചിത്രം അത്ര പെട്ടെന്നൊന്നും മറക്കാനാവില്ല. പാര്‍ലിമെന്റ് ആക്രമണക്കേസില്‍ വേണ്ടത്ര വിചാരണ പോലും നടത്താതെ ഭരണകൂടം തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിനെ കാണാനെത്തുന്ന ഭാര്യ തബസ്സുമിന്റെ തോളത്തിരുന്ന കുഞ്ഞുമോന്‍ ഗാലിബ് അഫ്‌സല്‍ ഇപ്പോള്‍ വളര്‍ന്നുവലുതായി. എസ്എസ്എല്‍സിയും 12ാം ക്ലാസും ഉന്നത മാര്‍ക്കോടെ ജയിച്ചു. ഇനിയൊരു നല്ല ഡോക്ടറായി കശ്മീരിലെ പാവപ്പെട്ടവരെ സേവിക്കണമെന്നാണ് അവന്റെ ആഗ്രഹം. കാരണം അവന്റെ പിതാവിന്റെ ആഗ്രഹവും ഉപദേശവും. ബാപ്പയുടെ ആഗ്രഹം സഫലീകരിക്കാന്‍ കഠിനപ്രയത്‌നത്തിലാണ് ഗാലിബ്. മറ്റുള്ളവര്‍ക്കു വേണ്ടി ജീവിക്കുക, മനുഷ്യരെ സേവിക്കുക എന്നാണ് പിതാവിന്റെ ആപ്തവാക്യം. അപ്‌നേ ലിയേ ജിയേ തു ക്യാ ജിയേ; ഏ ദില്‍ തോ ജിയേ സമാനേ കേ ലിയേ(എന്റെ പിതാവിന്റെ അവസാന വാക്കുകള്‍), എനിക്കെന്റെ പിതാവിനെ നഷ്ടപ്പെട്ടല്ലോ. എന്നാണ് അഫ്‌സല്‍ ഗുരുവിനെ കുറിച്ചുള്ള ഗാനമടങ്ങിയ ഓഡിയേ ഷെയര്‍ ചെയ്തുകൊണ്ട് ഗാലിബ് ഫേസ്ബുക്കില്‍ കുറിച്ചിട്ടത്. ഇന്നെനിക്ക് നിരവധി പേരുടെ പിന്തുണയുണ്ട്. പക്ഷേ, എറ്റവും പ്രിയപ്പെട്ടത് ഇല്ലല്ലോ. എനിക്ക് എന്റെ ബാപ്പയെ നഷ്ടപ്പെട്ടല്ലോ. 18കാരന്റെ വാക്കുകളില്‍ പിതാവിനോടൊപ്പം ജീവിച്ചു കൊതിതീരാത്തതിന്റെ വേദനകള്‍ പ്രകടം. ആറു വര്‍ഷം മുമ്പാണ്, പാര്‍ലിമെന്റ് ആക്രമണത്തില്‍ പങ്കുണ്ടെന്നാരോപിച്ച് അറസ്റ്റ് ചെയ്ത് കാര്യമായ നിയമസഹായങ്ങളൊന്നും ലഭിക്കാതെ, കോണ്‍ഗ്രസ് നേതാവ് പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായിരിക്കെ ദയാഹരജി തള്ളിക്കൊണ്ട് അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നത്.
ബാപ്പയുടെ രക്തസാക്ഷിത്വത്തിനു ശേഷം ഞാനും ഉമ്മയും ആകെ നിരാശയിലായിരുന്നു. ഉമ്മയാണ് എനിക്ക് ധൈര്യം ശക്തിയും പകര്‍ന്നത്. ഞങ്ങളുടെ വഴിയില്‍ എന്തു സംഭവിച്ചാലും ഞങ്ങള്‍ അഭിമുഖീകരിക്കണമെന്ന് ഉമ്മ പറഞ്ഞു. അല്ലാഹുവാണ് എല്ലാം തീരുമാനിക്കുന്നത്. ഈ അവസ്ഥ മാറാന്‍ നമുക്ക് പൊരുതണമെന്നും ഉമ്മ പറഞ്ഞു. ഈ ആറു വര്‍ഷവും ഉമ്മ എനിക്കു വേണ്ടിയാണ് ജീവിച്ചത്. ഇത് എല്ലാവര്‍ക്കും അറിയാമെന്നും ഗാലിബ് പറഞ്ഞു. അഫ്‌സല്‍ ഗുരുവിന്റെ വിധവ തബസ്സും ഒരു നഴ്‌സിങ് ഹോമിലാണ് ജോലിയെടുത്തത്. ''ബാപ്പയില്ലാത്ത മകനെ വളര്‍ത്തുകയെന്നത് അത്ര എളുപ്പമല്ല. ഗാലിബ് പത്താം ക്ലാസ് പാസായ ശേഷം ജോലി നിര്‍ത്തി. അവന്റെ ബാപ്പയെ പോലെ മകനും മിടുക്കനാണെന്നു തെളിയിച്ചു. 12ാം ക്ലാസില്‍ മികച്ച മാര്‍ക്കോടെ ജയിച്ചു. അവനെ നല്ല ഒരു ഡോക്ടറാക്കും. അവന്റെ ബാപ്പയുടെ ആഗ്രഹം പോലെ..''
ഗാലിബിന് 12 വയസ്സുള്ളപ്പോള്‍ 2013 ഫെബ്രുവരി മൂന്നിനാണ് അഫ്‌സല്‍ ഗുരുവിനെ ന്യൂഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ തൂക്കിലേറ്റിയത്. ഇപ്പോള്‍ പ്രീ-മെഡിക്കല്‍ ടെസ്റ്റുകള്‍ക്കും പരീക്ഷകള്‍ക്കും വേണ്ടി തയ്യാറെടുക്കുകയാണ്. ഉമ്മ തബസ്സുമാണ് വീട്ടുകാര്യങ്ങള്‍ക്കിടെ അവനെ ശ്രദ്ധിക്കുന്നത്. ഉപ്പയുടെ മരണശേഷം ഞാന്‍ വീണ്ടും സ്‌കൂളില്‍ ചേരുകയും സാധാരണ ജീവിതത്തിലേക്ക് വരാന്‍ കഠിനമായി പരിശ്രമിക്കുകയും ചെയ്തു. സ്‌കൂളിലെ അധ്യാപകരും കുട്ടികളും ഏറെ സന്തോഷത്തിലായിരുന്നു. ഞാന്‍ വീണ്ടും പഠിക്കാന്‍ വന്നതില്‍. അവര്‍ എനിക്ക് പിന്തുണയും ധൈര്യവും നല്‍കി. മിക്കവരും എന്നെ പ്രോല്‍സാഹിപ്പിച്ചപ്പോള്‍ ചിലര്‍ വേദനിപ്പിച്ചു. തോറ്റുപോയ അച്ഛന്റെ മകന് അനുഭവിക്കേണ്ടി വന്നതെല്ലാം ഒരു ജനാധിപത്യ രാജ്യമെന്നു വിളിക്കുന്ന രാജ്യത്താണ് ഞാന്‍ എല്ലാ വേദനകളും അനുഭവിച്ചത്. അത് എളുപ്പമായിരിക്കും. പക്ഷേ അഭിമീഖീകരിക്കാന്‍ കഷ്ടപ്പെടേണ്ടി വരും. എനിക്ക് എന്റെ ബാപ്പയെ നഷ്ടപ്പെട്ടുവല്ലോ. കുടുംബാംഗങ്ങളും ഇവര്‍ക്ക് എല്ലാവിധ സഹായവും നല്‍കിയിരുന്നു.
കുടുംബത്തിനു പുറത്തുനിന്നും സഹായിക്കാന്‍ നിരവധി പേരെത്തി. ഒരു ഹീറോയുടെ, ഒരു സ്വാതന്ത്ര്യ സമര പോരാളിയുടെ മകനെ പോലെ എന്നെ എല്ലാവരും കണ്ടത് ശരിക്കും ഞാന്‍ ആസ്വദിച്ചു. എന്നെയും എന്റെ ഉമ്മയെയും സംരക്ഷിക്കാന്‍ അവര്‍ തയ്യാറായി. എല്ലാവരും നല്ലതും അഭിമാനാര്‍ഹവുമായ ജീവിതം നയിക്കാന്‍ പ്രേരണ നല്‍കി. ഒരിക്കല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികള്‍ വീട് സന്ദര്‍ശിച്ചു. ഉന്നത പഠനത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കി സഹായിക്കാമെന്ന് അവര്‍ പറഞ്ഞു. പക്ഷേ, അഫ്‌സല്‍ ഗുരുവിനോട് സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ചെയ്ത ക്രൂരതയോട് മാപ്പ് നല്‍കാന്‍ തയ്യാറല്ലാതിരുന്ന തബസ്സുമും മകന്‍ ഗാലിബും സഹായം നിരസിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സത്യസന്ധമായാണ് കുടുംബത്തെ സഹായിക്കാന്‍ വരുന്നതെങ്കില്‍ അഫ്‌സല്‍ ഗുരുവിന്റെ മയ്യിത്തെങ്കിലും കൈമാറാന്‍ തയ്യാറാവണമെന്ന് അവര്‍ പറഞ്ഞു. ആറു വര്‍ഷത്തിനു ശേഷമാണ് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്. സുപ്രിംകോടതി അന്നു പറഞ്ഞത്, ഇന്ത്യന്‍ സമൂഹത്തിന്റെ പൊതുബോധത്തെ തൃപ്തിപ്പെടുത്താന്‍ തൂക്കിലേറ്റണമെന്നാണ്. പക്ഷേ, സുപ്രിംകോടതിയുടെ തീരുമാനം പരാജയപ്പെട്ടുവെന്ന് തെളിയിക്കുകയാണ് അഫ്‌സല്‍ ഗുരുവിന്റെ കുടുംബവും കശ്മീരികളും. അവര്‍ക്കിടയില്‍ അഫ്‌സല്‍ ഗുരു ഇന്നും ജീവിച്ചിരിക്കുന്നു. ഒരു വീരനായകനായി.