എയിംസ്, റെയില്‍വേ വികസനം, കൂടുതല്‍ വാക്‌സിന്‍; പ്രധാനമന്ത്രിയോട് കേരളത്തിന്റെ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രി

Update: 2021-07-13 16:13 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചര്‍ച്ച സൗഹൗര്‍ദപരവും പ്രോത്സാഹനജനകവു മായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ സുപ്രധാനമായ വികസന പിന്തുണയും സഹായവും തേടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. എയിംസ്, റെയില്‍വേ വികസനം, കൂടുതല്‍ വാക്‌സിന്‍ തുടങ്ങിയ കേരളത്തിന്റെ സുപ്രധാന ആവശ്യങ്ങള്‍ മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ മുന്നോട്ടുവച്ചു. പ്രധാനമന്ത്രിയെ ആദ്യമായി കണ്ടപ്പോള്‍ ഗെയില്‍ പദ്ധതി പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഓര്‍ക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഗെയില്‍ പദ്ധതിയുടെ വിജയത്തിനും ഇടതുപക്ഷ സര്‍ക്കാരിന്റെ രണ്ടാം വിജയത്തിനും പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

കേരളത്തിന്റെ വികസനത്തിനു വേണ്ടി എന്തുസഹായവും നല്‍കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കി. തുടര്‍ന്ന് കേരളത്തിന്റെ സുപ്രധാന വികസന പദ്ധതികള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. കേരളത്തിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിയെ (സെമി ഹൈ സ്പീഡ് റെയില്‍ ലൈന്‍) കുറിച്ച് അദ്ദേഹം വിശദമായി ചോദിച്ചറിഞ്ഞു. കേരളത്തില്‍ ഫെറി സര്‍വീസ് (തീര കടല്‍മാര്‍ഗം) ആരംഭിക്കുന്നതിനുള്ള സാധ്യതകളും പ്രധാനമന്ത്രി ആരാഞ്ഞു. വാരണാസി കല്‍ക്കട്ട വാട്ടര്‍ വേസ് വിജയകരമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഇന്‍ലാന്‍ഡ് വാട്ടര്‍ വേയ്‌സ് പദ്ധതിയുടെ സാദ്ധ്യത പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് സംസ്ഥാനത്തെ കൊവിഡ് സാഹചര്യം പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി. പുതിയ കേസുകള്‍ കേരളത്തില്‍ ഉയര്‍ന്നുതന്നെ നില്‍ക്കുന്ന സാഹചര്യമുണ്ട്. എന്നാല്‍, ടെസ്റ്റിങ് ക്വാറന്റയില്‍ ഐസൊലേഷന്‍ ട്രീറ്റ്‌മെന്റ് എന്ന സ്ട്രാറ്റജി ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നതിനാല്‍ മരണ നിരക്ക് 0.47 ശതമാനം മാത്രമാണ്. കൊവിഡ് മഹാമാരി ഫലപ്രദമായി നിയന്ത്രിക്കാന്‍ കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഈ മാസത്തിലെ ഉപയോഗത്തിന് 60 ലക്ഷം ഡോസ് ആവശ്യമുണ്ട്. ഈ മാസം മാത്രം 25 ലക്ഷം ഡോസാണ് സെക്കന്‍ഡ് ഡോസിനായി മാത്രം വേണ്ടി വരുന്നത്.

വാക്‌സിന്‍ ഒട്ടും തന്നെ പാഴാക്കി കളയാത്ത സംസ്ഥാനമാണ് കേരളം. ഇതുവരെ 18 വയസിനു മുകളിലുള്ള 44% പേര്‍ക്ക് ആദ്യഡോസ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. കൊവിഡ് സാഹചര്യത്തിലെ പ്രതി സന്ധി പരിഹരിക്കുന്നതിന് സംസ്ഥാനത്തിന് ലഭിക്കാനുള്ള 20202021 സാമ്പത്തിക വര്‍ഷത്തെ 4524 കോടിയുടെ ജിഎസ്റ്റി കോമ്പന്‍സേഷന്‍ അടിയന്തരമായി വിതരണം ചെയ്യണമെന്നും അഭ്യര്‍ഥിച്ചു. സംസ്ഥാനത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് എയിംസ് വേണമെന്നുള്ളത്. കേരളത്തില്‍ 65 വയസിന് മുകളിലുള്ളവരുടെ എണ്ണം ദേശീയ ശരാശരിയിലും കൂടുതലാണ്. പകര്‍ച്ചവ്യാധികളുടെ വ്യാപനവും ഇവിടെ കൂടുതലാണ്. അങ്കമാലി- ശബരി റെയില്‍പ്പാത നിര്‍മാണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി എംഒയു ഒപ്പുവച്ചിട്ടുള്ളതാണ്. ഇതിന്റെ പ്രതീക്ഷിക്കുന്ന ചെലവ് 2815 കോടി രൂപയാണ്. ഇതിന്റെ 50 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.

തലശ്ശേരി- മൈസൂര്‍ റെയില്‍ വികസനമാണ് മറ്റൊരു പദ്ധതി. തലശേരി മുതല്‍ മൈസൂര്‍ വരെയുള്ള യാത്രാസമയം അഞ്ചുമണിക്കൂറായി കുറയ്ക്കാന്‍ ഇതു വഴി കഴിയും. ദേശീയ പാര്‍ക്കുകളും വനഭൂമിയും ഒഴിവാക്കി സര്‍ക്കാര്‍ പുതിയ ഡി പി ആര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്റെ അനുമതി വേഗത്തിലാക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഇതുവരെ വിദേശ എയര്‍ലൈനുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചിട്ടില്ല. ആസിയാന്‍ ഓപണ്‍ സ്‌കൈ പോളിസി പ്രകാരമുളള സര്‍വീസുകളിലും കണ്ണൂര്‍ എയര്‍പോര്‍ട്ടിനെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് 2019 ഡിസംബര്‍ 19 നും ജൂലൈ ഒന്നിനും കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുള്ളതാണ്. ഇത് സംബന്ധിച്ച് അനുകൂല തീരുമാനം അടിയന്തിരമായി ഉണ്ടാകണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്.

തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയ്ക്കായുള്ള പ്രൊപ്പോസലും കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി പ്രൊപ്പോസലും നഗരവികസന മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. രണ്ട് പോജക്ടിനും കൂടി 4673 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സിറ്റി ഗ്യാസ് വിതരണവുമായി ബന്ധപ്പെട്ട തടസ്സങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് െ്രെപവറ്റ് ലിമിറ്റഡ് (ഐഒഎജിപിഎല്‍, അറ്റ്‌ലാന്റിക് ഗള്‍ഫ് ആന്റ് പസഫിക് കമ്പനി (എജി& പി) എന്നീ രണ്ടുകമ്പനികളാണ് വിതരണം ഏറ്റെടുത്തിട്ടുള്ളത്.

കൊച്ചിയിലെ പെട്രോ കെമിക്കല്‍ കോംപ്ലക്‌സ് എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കണമെന്നും ആവശ്യപ്പെട്ടു. 2019 ജനുവരി 27 ന് പ്രധാനമന്ത്രി തറക്കല്ലിട്ട പ്രോജക്ടാണിതെന്നും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതിനായി ബിപിസിഎല്‍ തയ്യാറാക്കിയ 12500 കോടി രൂപയുടെ പ്രോജക്ട്‌സ് ബിപിസി എല്‍ ബോര്‍ഡ് അംഗീകരിച്ചിട്ടുള്ളതാണ്. ഇതിനായി കേരള സര്‍ക്കാര്‍ 170 ഏക്കര്‍ 1 ഭൂമിയും കൈമാറിയിട്ടുണ്ട്. ഇത് വേഗത്തില്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ രാജ്യസഭ എം പി ജോണ്‍ ബ്രിട്ടാസ്, ചീഫ് സെക്രട്ടറി വി പി ജോയ് എന്നിവരും പങ്കെടുത്തു.

Tags:    

Similar News