ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു

രണ്ടുതവണ വീതം ലോക്‌സഭാംഗവും രാജ്യസഭാംഗവുമായിട്ടുണ്ട് മുന്‍ ഐഎഎസ് ഓഫിസര്‍ കൂടിയായ അജിത് ജോഗി. സംസ്ഥാന രൂപീകരണം മുതല്‍ 2007 വരെ സംസ്ഥാനത്തെ കോണ്‍ഗ്രസിനെ മുന്നില്‍നിന്ന് നയിച്ചു.

Update: 2020-05-29 11:06 GMT

റായ്പൂര്‍: ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി (74) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് റായ്പൂരിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ തളര്‍ന്നുവീണ അജിത് ജോഗിയെ ഈമാസം ഒമ്പതിന് ആശുപത്രിയിലെത്തിച്ചെങ്കിലും അബോധാവസ്ഥയില്‍ തുടരുകയായിരുന്നു. ശ്വാസതടസ്സം കാരണം തലച്ചോറിലേക്കുള്ള ഓക്‌സിജന്റെ അളവ് കുറഞ്ഞതോടെ അബോധാവസ്ഥയിലായതിനാല്‍ തുടക്കം മുതല്‍ ശരീരം മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഛത്തീസ്ഗഡ് സംസ്ഥാനത്തെ ആദ്യമുഖ്യമന്ത്രിയാണ് അജിത് ജോഗി.

രണ്ടുതവണ വീതം ലോക്‌സഭാംഗവും രാജ്യസഭാംഗവുമായിട്ടുണ്ട് മുന്‍ ഐഎഎസ് ഓഫിസര്‍ കൂടിയായ അജിത് ജോഗി. സംസ്ഥാന രൂപീകരണം മുതല്‍ 2007 വരെ സംസ്ഥാനത്തെ കോണ്‍ഗ്രസിനെ മുന്നില്‍നിന്ന് നയിച്ചു. 2000ല്‍ മധ്യപ്രദേശ് സംസ്ഥാനം വിഭജിച്ച് ഛത്തീസ്ഗഡ് സംസ്ഥാനം രൂപം കൊണ്ടപ്പോള്‍, ആദിവാസി വിഭാഗത്തില്‍നിന്നുള്ള നേതാവ് എന്ന നിലയില്‍ സോണിയാ ഗാന്ധിയുടെ പിന്തുണ അജിത് ജോഗിക്കായിരുന്നു. 2000 നവംബര്‍ മുതല്‍ 2003 ഡിസംബര്‍ വരെ സംസ്ഥാന മുഖ്യമന്ത്രി സ്ഥാനത്ത് അജിത് ജോഗി തുടര്‍ന്നു. 2003 ഡിസംബര്‍ മുതല്‍ സംസ്ഥാനത്ത് നിലവില്‍ വന്ന ബിജെപി ഭരണത്തെ അട്ടിമറിക്കാന്‍ ബിജെപി എംഎല്‍എമാര്‍ക്ക് കോഴ വാഗ്ദാനം ചെയ്യുന്നത് ഒളികാമറ വഴി പുറത്തായതോടെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ടു.

2004 ഏപ്രില്‍ 30ന് നടന്ന കാറപകടത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ടതിന് ശേഷം വീല്‍ചെയറിലായി. 2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാസമുന്ദില്‍നിന്ന് വിജയിച്ച് ലോക്‌സഭാംഗമായി. 2008 മാര്‍വാഹി മണ്ഡലത്തില്‍നിന്നും നിയമസഭാംഗവുമായി. 2016ല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് അജിത് ജോഗിയെയും മകന്‍ അമിത് ജോഗിയെയും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. 2016 ജൂണിലാണ് അജിത് ജോഗിയും മകനും ചേര്‍ന്ന് ഛത്തീസ്ഗഡ് ജനത കോണ്‍ഗ്രസ്സ് എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത്. 

Tags:    

Similar News