കത്തില്‍ പറഞ്ഞ ദിവസങ്ങളില്‍ ദേശ്മുഖ് കൊവിഡ് ചികില്‍സയില്‍; പരംബീറിന്റെ അഴിമതി ആരോപണം അടിസ്ഥാനരഹിതമെന്ന് ശരത് പവാര്‍

മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസിലെ അന്വേഷണത്തിന്റെ ശ്രദ്ധ തിരിക്കാനാണ് പരംബീര്‍ സിങ് അഴിമതി ആരോപണമുന്നയിച്ചത്. പരംബീര്‍ സിങ്ങിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യംചെയ്ത പവാര്‍, അദ്ദേഹം ആരോപണങ്ങളുന്നയിച്ചത് കേസില്‍ സ്ഥലംമാറ്റിയതിന് പിന്നാലെയാണെന്നും കുറ്റപ്പെടുത്തി.

Update: 2021-03-22 11:39 GMT

മുംബൈ: മുന്‍ മുംബൈ പോലിസ് കമ്മീഷണര്‍ പരംബീര്‍ സിങ് ഉന്നയിച്ച അഴിമതി ആരോപണങ്ങളില്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിന് പിന്തുണയുമായി എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍. അനില്‍ ദേശ്മുഖിനെതിരായ പരംബീര്‍ സിങ്ങിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. പരംബീര്‍ സിങ് കത്തില്‍ സൂചിപ്പിച്ച ദിവസങ്ങളില്‍ ദേശ്മുഖ് ആശുപത്രിയിലായിരുന്നു. ഫെബ്രുവരി പകുതിയോടെ പരംബീര്‍ സിങ്ങിന് പലയിടങ്ങളില്‍നിന്നായി ദേശ്മുഖിനെതിരേ വിവരം ലഭിച്ചതായാണ് കത്തില്‍ പറയുന്നതെന്നും എന്നാല്‍ ഫെബ്രുവരി ആറ് മുതല്‍ 16 വരെ അദ്ദേഹം കൊവിഡ് ചികില്‍സയ്ക്കായി ആശുപത്രിയിലായിരുന്നു.

ഇക്കാര്യം വ്യക്തമായ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടാന്‍ അവകാശമില്ല. മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസിലെ അന്വേഷണത്തിന്റെ ശ്രദ്ധ തിരിക്കാനാണ് പരംബീര്‍ സിങ് അഴിമതി ആരോപണമുന്നയിച്ചത്. പരംബീര്‍ സിങ്ങിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യംചെയ്ത പവാര്‍, അദ്ദേഹം ആരോപണങ്ങളുന്നയിച്ചത് കേസില്‍ സ്ഥലംമാറ്റിയതിന് പിന്നാലെയാണെന്നും കുറ്റപ്പെടുത്തി. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്തതോടെ മന്‍സുഖ് ഹിരണിന്റെ മരണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായി.

അന്വേഷണത്തില്‍ എന്തിനാണ് മന്‍സുഖ് ഹിരണിനെ കൊലപ്പടുത്തിയതെന്നും ആര്‍ക്ക് വേണ്ടിയാണെന്നും തെളിയും. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയുടെ അന്വേഷണം ശരിയായ ദിശയിലാണ് പോവുന്നതെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ദേശ്മുഖിനെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരമാണെന്നും പാര്‍ട്ടി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നുമാണ് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ നേരത്തെ വ്യക്തമാക്കിയത്. ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയെ കാണുമെന്നും ദേശ്മുഖിനെ തല്‍സ്ഥാനത്തുനിന്ന് നീക്കുന്ന കാര്യം മുഖ്യമന്ത്രി തീരുമാനിക്കുമെന്നുമെന്നും ശരദ് പവാര്‍ അറിയിച്ചിരുന്നു.

നിലവില്‍ എന്‍ഐഎയുടെ കസ്റ്റഡിയിലുള്ള പോലിസ് ഉദ്യോഗസ്ഥനായ സച്ചിന്‍ വാസെയോട് എല്ലാമാസവും നൂറുകോടി രൂപ പിരിച്ചുനല്‍കാന്‍ അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടെന്നും പോലീസ് അന്വേഷണങ്ങളില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തിയെന്നുമാണ് പരംബീര്‍ സിങ് ആരോപിച്ചത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു.

മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ഥലംമാറ്റിയതിന് പിന്നാലെയാണ് പരംബീര്‍ സിങ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുന്നത്. അതിനിടെ, ആശുപത്രിയില്‍ ചികില്‍സയിലാണെന്ന് പറയുന്ന ഫെബ്രുവരി 15 ന് ദേശ്മുഖ് പത്രസമ്മേളനം നടത്തിയിരുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ ബിജെപി ഐടി സെല്‍ മേധാവി അമിത് മാല്‍വിയ ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. ഫെബ്രുവരി 5 മുതല്‍ 15 വരെ ചികില്‍സയിലും ഫെബ്രുവരി 16 മുതല്‍ 27 വരെ അനില്‍ ദേശ്മുഖ് ക്വാറന്റൈനിലുമായിരുന്നുവെന്നായിരുന്നു ശരദ് പവാര്‍ അവകാശപ്പെടുന്നത്.

Tags:    

Similar News