ഡല്‍ഹിയില്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ക്ക് കൊവിഡ്; രോഗികളോട് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം
മാര്‍ച്ച് 12നും 20നും ഇടയില്‍ ഈ ക്ലിനിക്ക് സന്ദര്‍ശിച്ച രോഗികള്‍ അടുത്ത രണ്ടാഴ്ച നീരീക്ഷണത്തില്‍ കഴിയണമെന്ന് ആവശ്യപ്പെട്ട് ക്ലിനിക്കിന്റെ മുന്നില്‍ നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഡല്‍ഹി ബാബര്‍പൂരില്‍ പ്രവര്‍ത്തിക്കുന്ന മൊഹല്ല ക്ലിനിക്കിലെ ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മാര്‍ച്ച് 12നും 20നും ഇടയില്‍ ഈ ക്ലിനിക്ക് സന്ദര്‍ശിച്ച രോഗികള്‍ അടുത്ത രണ്ടാഴ്ച നീരീക്ഷണത്തില്‍ കഴിയണമെന്ന് ആവശ്യപ്പെട്ട് ക്ലിനിക്കിന്റെ മുന്നില്‍ നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കിടയില്‍ ഡല്‍ഹിയില്‍ രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞയാഴ്ച വടക്കുകിഴക്കന്‍ ഡല്‍ഹി ക്ലിനിക്കിലെ ഡോക്ടര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് സമ്പര്‍ക്കം പുലര്‍ത്തിയ 900 രോഗികളോട് രണ്ടാഴ്ച വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചിരുന്നു.
ഡോക്ടറുടെ ഭാര്യയ്ക്കും കൗമാരക്കാരിയായ മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മജ്പൂരില്‍നിന്ന് ഒരുകിലോമീറ്റര്‍ അകലെ ബാബര്‍പൂരിലാണ് പുതിയ കേസ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡോക്ടര്‍ വിദേശയാത്ര ചെയ്തിട്ടുണ്ടോ അല്ലെങ്കില്‍ യാത്ര ചെയ്ത ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നകാര്യം ഇതുവരെ വ്യക്തമല്ല. കഴിഞ്ഞ രണ്ടുദിവസത്തിനുള്ളില്‍ 50 ഓളം കൊവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപോര്‍ട്ട് ചെയ്തത്. മാര്‍ച്ച് 10ന് സൗദി അറേബ്യയില്‍നിന്ന് മടങ്ങിയെത്തിയ സ്ത്രീ കൊവിഡ് ലക്ഷണങ്ങളോടെ ചികില്‍സയ്ക്കായി മജ്പൂരിലെ ക്ലിനിക് സന്ദര്‍ശിച്ചതോടെയാണ് ഡോക്ടര്‍ക്ക് വൈറസ് ബാധയുണ്ടായത്.