മണിപ്പൂരില്‍ വീണ്ടും വെടിവെയ്പ്പ്; എട്ട് പേരെ കാണാതായി

Update: 2024-01-11 05:29 GMT

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും നടന്ന അക്രമങ്ങള്‍ക്കിടെ എട്ട് പേരെ കാണാതായി. ബിഷ്ണുപൂര്‍ ജില്ലയില്‍ നിന്ന് നിന്ന് നാല് പേരെ കാണാതായി. കാണാതായ നാല് പേര്‍ പ്രദേശത്തിന് സമീപം ഇഞ്ചി വിളവെടുക്കാന്‍ പോയതായിരുന്നു. ഒയിനം റൊമെന്‍ മെയ്‌തേയ്, അഹന്തേം ദാരാ മെയ്‌തേയ്, തൗദം ഇബോംച മെയ്‌തേയ്, തൗദം ആനന്ദ് മെയ്‌തേയ് എന്നിവരെയാണ് കാണാതായത്. തൗബാല്‍ ജില്ലയിലെ വാങ്കൂവിനും ബിഷ്ണുപൂര്‍ ജില്ലയിലെ കുമ്പിക്കുമിടയില്‍ വെടിവയ്പ്പ് നടന്നിരുന്നു. മറ്റൊരു സംഭവത്തില്‍, മണിപ്പൂരിലെ കുമ്പി നിയമസഭാ മണ്ഡലത്തില്‍ നിന്ന് ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ ജില്ലകളോട് ചേര്‍ന്നുള്ള മലനിരകള്‍ക്ക് സമീപം വിറക് ശേഖരിക്കാന്‍ പോയ നാല് പേരെയും കാണാതായതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ദാരാ സിംഗ്, ഇബോംച സിംഗ്, റോമന്‍ സിംഗ്, ആനന്ദ് സിംഗ് എന്നിവരാണ് ഇവരെ തിരിച്ചറിഞ്ഞതെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം സംസ്ഥാനത്ത് മുഖ്യമന്ത്രി ബിരേന്‍ സിങിനെതിരെ കുക്കികള്‍ രംഗത്ത് വന്നു. കുക്കികളുടെ പിന്നോക്ക വിഭാഗ പദവി പുനഃപരിശോധിക്കേണ്ടതാണെന്ന മുഖ്യമന്ത്രി ബീരേന്‍ സിങിന്റെ പ്രസ്താവനയാണ് കടുത്ത എതിര്‍പ്പിന് കാരണമായത്. മുഖ്യമന്ത്രിയുടെ പ്രസ്താവന സംസ്ഥാനത്ത് സംഘര്‍ഷം വര്‍ധിപ്പിക്കുന്ന നീക്കമാണെന്ന് കുക്കി വിഭാഗം നേതാക്കള്‍ പറയുന്നു. കുക്കികളെ ലക്ഷ്യമിടാനാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ സാഹചര്യം മോശമാകുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കി. കുക്കികളുടെ എസ് ടി പദവി പുനപരിശോധിക്കാന്‍ സമിതി സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മെയ്തെ വിഭാഗത്തിന് എസ്ടി പദവി നല്‍കണമെന്ന കോടതി ഉത്തരവാണ് സംസ്ഥാനത്ത് കലാപത്തിന് കാരണമായത്.






Tags:    

Similar News