ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ഉപാധികളോടെ ജാമ്യം
ഫെബ്രുവരി 16ന് മുമ്പായി ആസാദ് ചികില്‍സയ്ക്കായി ഡല്‍ഹി എയിംസില്‍ പോവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഡല്‍ഹി പോലിസിനെ മുന്‍കൂട്ടി അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ന്യൂഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. അടുത്ത ഒരുമാസത്തേക്ക് ഡല്‍ഹിയില്‍ പ്രവേശിക്കരുതെന്നും പ്രതിഷേധങ്ങള്‍ നടത്തരുതെന്നുമുള്ള ഉപാധിയോടെയാണ് ഡല്‍ഹി തീസ് ഹസാരി ആസാദിന് ജാമ്യം അനുവദിച്ചത്. ഫെബ്രുവരി 16ന് മുമ്പായി ആസാദ് ചികില്‍സയ്ക്കായി ഡല്‍ഹി എയിംസില്‍ പോവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഡല്‍ഹി പോലിസിനെ മുന്‍കൂട്ടി അറിയിക്കണമെന്നും പോലിസ് സംരക്ഷണത്തോടെ പോവാമെന്നും കോടതി നിര്‍ദേശിച്ചു. ഭരണഘടനാ സ്ഥാപനങ്ങളെ ബഹുമാനിക്കണമെന്നും ജാമ്യാപേക്ഷ പരിഗണിക്കവെ അഡീഷനല്‍ സെഷന്‍സ് ജഡ്ജി കാമിനി ലോ ആസാദിനോട് ഉപദേശിച്ചു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെ ഉത്തര്‍പ്രദേശിലെ സഹന്‍പൂര്‍ പോലിസ് സ്‌റ്റേഷനില്‍ എല്ലാ ശനിയാഴ്ചയും ഹാജരാവണമെന്നും ജാമ്യവ്യവസ്ഥയില്‍ നിര്‍ദേശിക്കുന്നു. ജാമ്യത്തിനായി 25,000 രൂപ ബോണ്ടും കെട്ടിവയ്ക്കണം.
മോചിതനായി 24 മണിക്കൂറിനുള്ളില്‍ ആസാദിനെ സഹാറന്‍പൂരിലെ വസതിയിലെത്തിക്കണമെന്നാണ് ഡല്‍ഹി പോലിസിന് കോടതി നല്‍കിയ നിര്‍ദേശം. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന വേളയില്‍ ആസാദിന് ജാമ്യം നല്‍കി പുറത്തുവിടുന്നത് ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുമെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ഡല്‍ഹി പോലിസ് ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ആസാദിനെ ഡല്‍ഹിയില്‍ പ്രവേശിക്കുന്നതില്‍നിന്നും കോടതി വിലക്കിയത്. ഡല്‍ഹി ജമാ മസ്ജിദില്‍ പൗരത്വ നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരേ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ചതിനാണ് ഡല്‍ഹി പോലിസ് ആസാദിനെ അറസ്റ്റുചെയ്ത്.
അതേസമയം, എഫ്‌ഐആറില്‍ ആസാദിനെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവുകളില്ലെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞദിവസം ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യഹരജി പരിഗണിക്കവെ പോലിസിനെയും പബ്ലിക് പ്രോസിക്യൂട്ടറെയും കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ആസാദ് ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന് സ്ഥാപിക്കുന്നതിനായി സോഷ്യല്‍ മീഡിയാ പോസ്റ്റുകള്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഉന്നയിച്ചപ്പോഴായിരുന്നു വിമര്‍ശനം.
ധര്‍ണ നടത്തിയതില്‍ എന്താണ് കുഴപ്പമെന്നും പ്രതിഷേധിക്കുന്നതില്‍ എന്താണ് തെറ്റെന്നും പ്രതിഷേധിക്കുന്നത് ഒരാളുടെ ഭരണഘടനാപരമായ അവകാശമാണെന്നും ജഡ്ജി കാമിനി ലോ വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയാ പോസ്റ്റുകളില്‍ എവിടെയാണ് അക്രമത്തിന് പ്രേരിപ്പിക്കുന്നത്, പ്രതിഷേധിക്കരുതെന്ന് പറയാന്‍ ആര്‍ക്കാണ് അവകാശം, നിങ്ങള്‍ ഭരണഘടന വായിച്ചിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് പ്രോസിക്യൂട്ടറോട് ജഡ്ജി ചോദിച്ചത്. ജമാ മസ്ജിദ് പാകിസ്താനാണെന്ന മട്ടിലാണ് നിങ്ങള്‍ പെരുമാറുന്നത്. പാകിസ്താനാണെങ്കിലും നിങ്ങള്‍ക്ക് അവിടെ പോയി പ്രതിഷേധിക്കാം. അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്നു പാകിസ്താനെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.