കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബിജെപിയുമായി രഹസ്യബന്ധം; അസം മുന്‍ സംസ്ഥാന പ്രസിഡന്റ് പാര്‍ട്ടിവിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍

ബിജെപിയെ നേരിടുന്നതില്‍ പാര്‍ട്ടി നേതൃത്വം വീഴ്ച വരുത്തുന്നുവെന്നും സംസ്ഥാന കോണ്‍ഗ്രസിലെ ഒരുപറ്റം മുതിര്‍ന്ന നേതാക്കള്‍ ബിജെപിയുമായി രഹസ്യബന്ധം പുലര്‍ത്തുന്നതായും റിപുണ്‍ ബോറ ആരോപിക്കുന്നു. അസം മുഖ്യമന്ത്രിയുമായി ഈ നേതാക്കള്‍ക്ക് രഹസ്യ ഇടപാടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Update: 2022-04-17 12:34 GMT

ന്യൂഡല്‍ഹി: അസം മുന്‍ സംസ്ഥാന പ്രസിഡന്റ് റിപുണ്‍ ബോറ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കാണ് രാജിക്കത്ത് നല്‍കിയത്. പാര്‍ട്ടി നേതൃത്വവുമായുള്ള ഭിന്നതയാണ് മുന്‍ എംപി കൂടിയായ ബോറയുടെ രാജിക്ക് കാരണം.

ബിജെപിയെ നേരിടുന്നതില്‍ പാര്‍ട്ടി നേതൃത്വം വീഴ്ച വരുത്തുന്നുവെന്നും സംസ്ഥാന കോണ്‍ഗ്രസിലെ ഒരുപറ്റം മുതിര്‍ന്ന നേതാക്കള്‍ ബിജെപിയുമായി രഹസ്യബന്ധം പുലര്‍ത്തുന്നതായും റിപുണ്‍ ബോറ ആരോപിക്കുന്നു. അസം മുഖ്യമന്ത്രിയുമായി ഈ നേതാക്കള്‍ക്ക് രഹസ്യ ഇടപാടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

1976 മുതല്‍, വിദ്യാര്‍ത്ഥി കാലഘട്ടം മുതല്‍ കോണ്‍ഗ്രസില്‍ താന്‍ പ്രവര്‍ത്തിക്കുന്നതാണ്. പലവിധ കാലങ്ങളിലായി പല പദവികള്‍ തന്ന് പാര്‍ട്ടി തന്റെ സേവനം വിനിയോഗിച്ചിട്ടുണ്ട്. അതിലെല്ലാം നേതൃത്വത്തോട് നന്ദിയുണ്ട്. ബിജെപി ജനാധിപത്യത്തിന് വന്‍വെല്ലുവിളിയായി മാറുന്ന വേളയിലും, അതിനെതിരേ പോരാടുന്നതിന് പകരം പാര്‍ട്ടി നേതാക്കള്‍ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കായി ബിജെപിക്ക് കീഴടങ്ങുകയാണെന്നും റിപുണ്‍ ബോറ കുറ്റപ്പെടുത്തി.

അടുത്തിടെ അസമില്‍ നിന്നും രാജ്യസഭയിലേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ റിപുണ്‍ ബോറ മത്സരിച്ചിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് എംഎല്‍എമാരുടെ വോട്ട് അസാധുവായതോടെ റിപുണ്‍ ബോറ പരാജയപ്പെടുകയായിരുന്നു. ചില പാര്‍ട്ടി നേതാക്കള്‍ ബിജെപിയുമായി ഒത്തുകളിച്ചതാണ് തന്റെ പരാജയത്തിന് കാരണമെന്നും റിപുണ്‍ ബോറ ആരോപിക്കുന്നു.

കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച റിപുണ്‍ ബോറ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനര്‍ജിയുടെ സാന്നിധ്യത്തിലാണ് റിപുണ്‍ ബോറ പാര്‍ട്ടിയില്‍ ചേര്‍ന്നത്.

Tags:    

Similar News