ആക്രമണങ്ങളുടെ പേരില്‍ ഒരു രാജ്യത്തെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നു സാം പിത്രോഡ

Update: 2019-03-22 09:08 GMT

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണം പോലുള്ളവ ഇടക്കു സംഭവിക്കാറുള്ളതാണെന്നും ചിലര്‍ നടത്തുന്ന ഇത്തരം ആക്രമണങ്ങളുടെ പേരില്‍ പാകിസ്താനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡ. പുല്‍വാമ ആക്രമണം പോലുള്ളവ ഇടക്കു സംഭവിക്കാറുണ്ട്. മുബൈ താജ് ഹോട്ടലിലും ഒബ്‌റോയി ഹോട്ടലിലും ഇത്തരം ആക്രമണം സംഭവിച്ചു. അന്ന് നമ്മള്‍ പ്രതികരിക്കുകയോ യുദ്ധവിമാനങ്ങളെ അയക്കുകയോ ചെയ്തില്ല. അതാണ് ശരി. മുംബൈയില്‍ ആക്രമണം നടത്തിയ എട്ട് പേര്‍ ചിലത് ചെയ്‌തെന്ന് കരുതി ഒരു രാജ്യത്തെ കുറ്റപ്പെടുത്താന്‍ നമുക്കാവില്ല. സാം പിത്രോഡ പറഞ്ഞു. എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പിത്രോഡയുടെ അഭിപ്രായ പ്രകടനം. ബാലാക്കോട്ടില്‍ വ്യോമസേന നടത്തിയ ആക്രമണത്തിന്റെ കൂടുതല്‍ തെളിവു പുറത്തു വിടണമെന്നും പിത്രോഡ ആവശ്യപ്പെട്ടു. ആക്രമണത്തില്‍ 300ലധികം പേര്‍ മരിച്ചുവെന്നു പറയുന്നു. എന്നാല്‍ ഇതു ശരിയല്ലെന്നു അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു. അതിനാല്‍ ആക്രമണത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടണം- അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ രാജ്യത്തെ സുരക്ഷാ സേനകളെ അപമാനിക്കാനുള്ള ശ്രമമാണ് പിത്രോഡയുടേതെന്നു പ്രധാനമന്ത്രി മോദി പ്രതികരിച്ചു. 

Tags:    

Similar News