കര്‍ഷകരുടെ കണ്ണീരൊപ്പാതെ ക്ഷേത്രം പണിയുന്നതിലെ പൊള്ളത്തരം ചൂണ്ടിക്കാട്ടി എ എം ആരിഫ് എംപി

Update: 2021-02-09 17:50 GMT

ന്യൂഡല്‍ഹി: കര്‍ഷകരുടെ കണ്ണുനീരും രക്തവും വീണ മണ്ണില്‍ അവരുയര്‍ത്തുന്ന വിഷയങ്ങള്‍ അവഗണിച്ച് എത്ര ക്ഷേത്രങ്ങള്‍ പണികഴിപ്പിച്ചാലും അവിടങ്ങളില്‍ ദൈവമുണ്ടാവില്ലെന്ന് എ എം ആരിഫ് എംപി കേന്ദ്രസര്‍ക്കാരിനെ ഓര്‍മപ്പെടുത്തി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് ടാഗോറിന്റെ പ്രശസ്തമായ 'ദീനോ ദാന്‍' കവിതയിലെ പ്രമേയം ഉയര്‍ത്തി എ എം ആരിഫ് സര്‍ക്കാരിനെതിരേ വിമര്‍ശനമുയര്‍ത്തിയത്. തങ്ങളുടെ ദുഷ്‌ചെയ്തികളെ ന്യായീകരിക്കാന്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ തന്റെ പ്രസംഗത്തില്‍ വിശദീകരിച്ചു.

ജനാധിപത്യമൂല്യങ്ങളും ഭരണഘടനയുടെ പവിത്രതയും ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന കേന്ദ്രസര്‍ക്കാര്‍, അതിന് കടകവിരുദ്ധമായ കാര്യങ്ങളാണ് നടപ്പാക്കുന്നതെന്ന് വ്യക്തമാക്കിയ എംപി, കാശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തുകളഞ്ഞും പൗരത്വ നിയമം ഭേദഗതി ചെയ്തും ജനാധിപത്യമൂലയങ്ങളെയും ഭരണഘടനയെയും അവഹേളിക്കുകയാണ് കേന്ദ്രം ചെയ്തതെന്ന് കൂട്ടിച്ചേര്‍ത്തു. കര്‍ഷകസമരത്തോടനുബന്ധിച്ച് ചെങ്കോട്ടയിലുണ്ടായ അനിഷ്ടസംഭവങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് പങ്കുണ്ടെന്നാരോപിച്ച അദ്ദേഹം, ഇക്കാര്യത്തില്‍ സ്വതന്ത്രാന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ചു.

Tags:    

Similar News