കൊറോണ: സർക്കാർ സ്ഥിരീകരണമില്ലാതെ മാധ്യമങ്ങൾ റിപോര്‍ട്ട് ചെയ്യരുതെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍

വ്യാജമോ അല്ലെങ്കില്‍ കൃത്യമല്ലാത്തതോ ആയ റിപോര്‍ട്ടിങ് വരുന്നത് സമൂഹത്തിലെ വലിയൊരു വിഭാഗത്തില്‍ പരിഭ്രാന്തി സൃഷ്ടിക്കപ്പെടാനുള്ള ഗുരുതരമായ സാധ്യതയുണ്ട്

Update: 2020-04-01 05:29 GMT

ന്യൂഡല്‍ഹി: കൊറോണ വൈറസുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് വസ്തുതളുടെ സ്ഥിരീകരണം തേടാതെ ഒരു മാധ്യമവും റിപോര്‍ട്ട് ചെയ്യാന്‍ പാടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. ഇതു സംബന്ധിച്ച് സുപ്രിംകോടതിയില്‍ നിന്ന് കേന്ദ്രം നിര്‍ദേശം തേടി.

അഭൂതപൂര്‍വ്വമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇലക്ട്രോണിക്, അച്ചടി, സാമൂഹിക മാധ്യമങ്ങള്‍, വെബ് പോര്‍ട്ടലുകള്‍ എന്നിവയില്‍ മനപ്പൂര്‍വമോ ആസൂത്രിതമോ ആയ ഏതെങ്കിലും വ്യാജമോ അല്ലെങ്കില്‍ കൃത്യമല്ലാത്തതോ ആയ റിപോര്‍ട്ടിങ് വരുന്നത് സമൂഹത്തിലെ വലിയൊരു വിഭാഗത്തില്‍ പരിഭ്രാന്തി സൃഷ്ടിക്കപ്പെടാനുള്ള ഗുരുതരമായ സാധ്യതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

ലോകം കൈകാര്യം ചെയ്യാന്‍ പാടുപെടുന്ന ഈ മഹാമാരിയുടെ സ്വഭാവം കണക്കിലെടുക്കുമ്പോള്‍, അത്തരം റിപോര്‍ട്ടിങ്ങിനെ അടിസ്ഥാനമാക്കി സമൂഹത്തിലെ ഏതൊരു വിഭാഗത്തിന്റെയും പരിഭ്രാന്തിയും പ്രതികരണവും അത്തരം സാഹചര്യങ്ങള്‍ക്ക് ദോഷകരമാകുമെന്ന് മാത്രമല്ല, രാജ്യത്തെ മുഴുവന്‍ അത് ബാധിക്കുകയും ചെയ്യും.

അതിനാല്‍ മാധ്യമങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് വസ്തുതകള്‍ സ്ഥിരീകരിക്കാതെ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്യരുതെന്ന നിര്‍ദേശം കോടതി പുറപ്പെടുവിക്കണമെന്നും കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.

ആഭ്യന്തര മന്ത്രാലയം ദൈനംദിന സ്ഥിതിഗതികള്‍ വിലയിരുത്തി അടിയന്തരവും സമയബന്ധിതവുമായ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ എല്ലാം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തിലും കര്‍ശന നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും കാര്യക്ഷമമായ നടപടികള്‍ ഇക്കാര്യത്തില്‍ എടുത്തിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു. 

Tags:    

Similar News