പ്രധാനമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്‌കിന് വിലക്ക്

ചടങ്ങിലെത്തുന്നവര്‍ കറുപ്പൊഴികെ മറ്റ് നിറത്തിലുള്ള മാസ് ധരിക്കണമെന്നാണ് പോലിസ് നിര്‍ദേശം.

Update: 2021-02-14 09:52 GMT

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചെന്നൈയില്‍ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടിയില്‍ കറുത്ത മാസ്‌കിന് വിലക്ക്. നെഹ്രു സ്‌റ്റേഡിയത്തിലാണ് പരിപാടി നടക്കുന്നത്. ചടങ്ങിലെത്തുന്നവര്‍ കറുപ്പൊഴികെ മറ്റ് നിറത്തിലുള്ള മാസ് ധരിക്കണമെന്നാണ് പോലിസ് നിര്‍ദേശം. അതേസമയം, ഇതുസംബന്ധിച്ച് ഔദ്യോഗിക ഉത്തരവുണ്ടായിരുന്നില്ല.

സ്‌റ്റേഡിയത്തിനകത്ത് പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കാണ് നിര്‍ദേശം ബാധകമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടികളില്‍ കറുത്ത മാസ്‌ക് ധരിക്കരുതെന്ന് നിര്‍ദേശം നല്‍കിയതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടയിലാണ് ചെന്നൈയിലെ പ്രധാനമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്‌കിന് പോലിസ് വിലക്കേര്‍പ്പെടുത്തിയത്. കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിക്കെതിരായ പ്രതിഷേധങ്ങള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയതിന് പിന്നാലെയാണ് പോലിസിന്റെ നടപടി.

ചെന്നൈ മെട്രോ ഒന്നാംഘട്ടം ദീര്‍ഘിപ്പിച്ച പാത ഉദ്ഘാടനം ചെയ്യുന്നതിനാണ് മോദി ഇവിടെയെത്തുന്നത്. 3770 കോടി രൂപ ചെലവാക്കിയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. വാഷര്‍മാന്‍പേട്ട് മുതല്‍ വിംകോ നഗര്‍ വരെയാണ് മെട്രോ നീട്ടിയത്. ചെന്നൈ സന്ദര്‍ശനത്തിന് ശേഷം കൊച്ചിയിലും പ്രധാനമന്ത്രി ഇന്നെത്തും. ഇരുസംസ്ഥാനങ്ങളിലും അടുത്തുതന്നെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

Tags:    

Similar News