ബംഗളൂരു നഗരത്തില്‍ നിന്ന് പിടിച്ചെടുത്ത പ്ലാസ്റ്റിക്ക് ഉപയോഗിച്ച് വിമാനത്താവളത്തില്‍ റോഡ് നിര്‍മിക്കും

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടിച്ചെടുത്ത രണ്ട് ടണ്ണിലേറെ പ്ലാസ്റ്റിക്ക് വസ്തുക്കളാണ് വിമാനത്താവള അധികൃതര്‍ക്ക് കൈമാറുക. സൗജന്യമായാണ് ഇവ നല്‍കുന്നത്.

Update: 2019-08-25 15:31 GMT

ബംഗളൂരു: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് വസ്തുക്കള്‍ നിരോധിക്കുന്നതിന്റെ ഭാഗമായി ബംഗളൂരു നഗരസഭാ അധികൃതര്‍(ബൃഹത് ബംഗളൂരു നഗരപാലികെ) പിടിച്ചെടുത്ത പ്ലാസ്റ്റിക്ക് വസ്തുക്കള്‍ക്ക് പുതിയ ഉപയോഗം. ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡ് നിര്‍മിക്കാനാണ് ഇവ ഉപയോഗിക്കുക.

വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന വിമാനത്താവളത്തിനകത്തെ റോഡുകളുടെ നിര്‍മാണത്തിന് ഇവ ഉപയോഗിക്കാന്‍ കരാറായിട്ടുണ്ട്. തിങ്കളാഴ്ച്ച ബിബിഎംപി ആസ്ഥാനത്ത് നടക്കുന്ന യോഗത്തില്‍ ഔദ്യോഗിക കൈമാറ്റ ചടങ്ങ് നടക്കും. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടിച്ചെടുത്ത രണ്ട് ടണ്ണിലേറെ പ്ലാസ്റ്റിക്ക് വസ്തുക്കളാണ് വിമാനത്താവള അധികൃതര്‍ക്ക് കൈമാറുക. സൗജന്യമായാണ് ഇവ നല്‍കുന്നത്.

വെള്ളം കയറിയും മറ്റും റോഡുകള്‍ നശിക്കുന്നത് തടയാനും ചെലവ് കുറയ്ക്കാനും റോഡ് നിര്‍മാണത്തില്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് സഹായകമാവും. ടാര്‍ ഉപയോഗിച്ച് നിര്‍മിക്കുന്നതിനേക്കാള്‍ മികച്ചതാണ് പ്ലാസ്റ്റിക്ക് റോഡുകളെന്ന് നാഷനല്‍ റൂറല്‍ റോഡ്‌സ് ഡവലപ്‌മെന്റ് ഏജന്‍സിയും വ്യക്തമാക്കിയിട്ടുണ്ട്.

2019 ജനുവരി മുതല്‍ ബിബിഎംപി 4000 കിലോഗ്രാമോളം പ്ലാറ്റിക്ക് വസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്. സപ്തംബര്‍ 1 മുതല്‍ പ്ലാസ്റ്റിക്ക് നിരോധനം കൂടുതല്‍ കര്‍ശനമാക്കാനാണു തീരുമാനം. നിയമലംഘനം ആവര്‍ത്തിക്കുന്ന കടകളുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. 

Tags:    

Similar News