ബിനീഷ് കോടിയേരിയെ കാണാന്‍ അനുവദിച്ചില്ല; അഭിഭാഷകര്‍ ഹൈക്കോടതിയിലേക്ക്

ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ ഓഖയെ വിവരങ്ങള്‍ ധരിപ്പിക്കാനാണ് ബിനീഷിന്റെ അഭിഭാഷകരുടെ ശ്രമം. അഭിഭാഷകരെ അനുവദിക്കാത്തത് ചട്ടലംഘനമെന്നും കോടതിയെ അറിയിക്കും.

Update: 2020-10-31 03:00 GMT

ബംഗളൂരു: ലഹരിമരുന്ന് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ കഴിയുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ കാണാന്‍ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകര്‍ കര്‍ണാടക ഹൈക്കോടതിയിലേക്ക്. ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ ഓഖയെ വിവരങ്ങള്‍ ധരിപ്പിക്കാനാണ് ബിനീഷിന്റെ അഭിഭാഷകരുടെ ശ്രമം. അഭിഭാഷകരെ അനുവദിക്കാത്തത് ചട്ടലംഘനമെന്നും കോടതിയെ അറിയിക്കും.

ബിനോയ് കോടിയേരി ഇഡി ഓഫിസിലെത്തി ബിനീഷിനെ കാണാന്‍ വൈകീട്ടോടെ ശ്രമം നടത്തിയെങ്കിലും അധികൃതര്‍ അനുമതി നിഷേധിച്ചിരുന്നു. ഇതോടെ ബിനോയിക്ക് ബിനീഷിനെ കാണാതെ മടങ്ങേണ്ടിവന്നു. ബിനീഷിനെ കാണാനെത്തിയ സഹോദരന്‍ ബിനോയ് കോടിയേരിയെയും അഭിഭാഷകരെയും മടക്കി അയച്ചിരുന്നു.

ബന്ധുക്കള്‍ക്കും അഭിഭാഷകര്‍ക്കും ബിനീഷിനെ കാണാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യം. കര്‍ണാടക ഹൈക്കോടകി ജഡ്ജിയുടെ വീട്ടിലെത്തി ഹരജി നല്‍കി ബിനീഷിനെ കാണാന്‍ അനുമതി തേടാനുള്ള ശ്രമം ബിനോയിയും അഭിഭാഷകരും വെള്ളിയാഴ്ച രാത്രിയോടെ നടത്തിയിരുന്നു. എന്നാല്‍, നീക്കം ഫലം കാണാതെ വന്നതോടെയാണ് ശനിയാഴ്ച ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചത്.

ഇന്നും ബിനീഷിന്റെ ചോദ്യം ചെയ്യല്‍ തുടരും. ബിനീഷിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കസ്റ്റഡി അപേക്ഷ ഇഡി നല്‍കിയപ്പോള്‍ അതിനെ എതിര്‍ക്കുന്നതിനടക്കം സെഷന്‍സ് കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ വക്കാലത്ത് ഒഴിഞ്ഞിരുന്നു. ശേഷം രണ്ട് മുതിര്‍ന്ന അഭിഭാഷകരാണ് ബിനീഷിന്റെ വക്കാലത്ത് ഏറ്റെടുത്തത്.

Tags:    

Similar News