ജാമ്യാപേക്ഷ തള്ളി; ചന്ദ്രശേഖര്‍ ആസാദ് റിമാന്‍ഡില്‍

അതീവരഹസ്യമായാണ് ആസാദിനെ കോടതിയില്‍ ഹാജരാക്കിയത്. ആസാദ് ഉള്‍പ്പടെ 16 പേര്‍ക്കെതിരെയായിരുന്നു പോലിസ് കേസെടുത്തിരുന്നത്. ക്രിമിനില്‍ ഗൂഢാലോചന, കലാപം സൃഷ്ടിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കം 11 വകുപ്പുകളാണ് അറസ്റ്റിലായവര്‍ക്കെതിരേ ചുമത്തിയത്.

Update: 2019-12-21 14:57 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഡല്‍ഹി ജുമാ മസ്ജിദില്‍ പ്രതിഷേധം നയിച്ചതിന് അറസ്റ്റിലായ ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യഹരജി തള്ളി. ചന്ദ്രശേഖര്‍ ആസാദിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ ഡല്‍ഹി തീസ് ഹസാരി കോടതി ഉത്തരവിട്ടു. അതീവരഹസ്യമായാണ് ആസാദിനെ കോടതിയില്‍ ഹാജരാക്കിയത്. ആസാദ് ഉള്‍പ്പടെ 16 പേര്‍ക്കെതിരെയായിരുന്നു പോലിസ് കേസെടുത്തിരുന്നത്. ക്രിമിനില്‍ ഗൂഢാലോചന, കലാപം സൃഷ്ടിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കം 11 വകുപ്പുകളാണ് അറസ്റ്റിലായവര്‍ക്കെതിരേ ചുമത്തിയത്.

ചന്ദ്രശേഖര്‍ ആസാദിന്റെ പ്രസംഗം കലാപത്തിലേക്ക് നയിച്ചെന്ന് ഡല്‍ഹി പോലിസ് ആരോപിച്ചു. തീസ് ഹസാരി കോടതി മുറിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. കോടതി നടപടികള്‍ പൂര്‍ണമായും കാമറയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ചന്ദ്രശേഖര്‍ ആസാദിനെ കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്നും അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. കസ്റ്റഡിയിലെടുത്ത് 10 മണിക്കൂറിനു ശേഷമാണ് ആസാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ജുമാ മസ്ജിദിന് മുന്നില്‍നിന്ന് കസ്റ്റഡിയിലെടുത്ത ആസാദിനെ ആദ്യം ദരിയാഗഞ്ചിലെ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് മാറ്റുകയും തുടര്‍ന്ന് രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യംചെയ്യുകയുമായിരുന്നു. ഇന്നലെ ഭീം ആര്‍മിയുടെ പ്രതിഷേധ റാലിക്ക് പോലിസ് അനുമതി നിഷേധിച്ചതോടെയാണ് ജുമാ മസ്ജിദിനു മുന്നില്‍ കുത്തിയിരിപ്പ് സമരം തുടങ്ങിയത്. ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്കാണ് ആസാദ് അറസ്റ്റ് വരിച്ചത്. ഉടന്‍ വിട്ടയക്കാമെന്ന ഉറപ്പിലായിരുന്നു ആസാദ് കസ്റ്റഡിക്ക് വഴങ്ങിയത്. മുഴുവന്‍ പ്രക്ഷോഭകരെയും വിട്ടയക്കുകയാണെങ്കില്‍ താന്‍ അറസ്റ്റിനു വഴങ്ങാന്‍ തയ്യാറാണെന്ന് ആസാദ് അറസ്റ്റിനു തൊട്ടുമുമ്പ് ട്വീറ്റ് ചെയ്തിരുന്നു.

Tags:    

Similar News