എഎസ്പി ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദ്
ബിഹാറിന്റെ പകുതി ഭാഗങ്ങളും ഇപ്പോഴും പ്രളയക്കെടുതിയിലാണെന്നും തൊഴിലില്ലായ്മ പ്രശ്‌നം സംസ്ഥാനത്ത് രൂക്ഷമാണെന്നും ജോലിക്കായി ധാരാളം പേര്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറുകയാണെന്നും നിലവിലെ ജെഡിയു - ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച് ആസാദ് പറഞ്ഞു.
പട്‌ന: ഈ വര്‍ഷം ബീഹാറില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ ആസാദ് സമാജ് പാര്‍ട്ടി മത്സരിക്കുമെന്ന് ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദ്. ബിഹാറിന്റെ പകുതി ഭാഗങ്ങളും ഇപ്പോഴും പ്രളയക്കെടുതിയിലാണെന്നും തൊഴിലില്ലായ്മ പ്രശ്‌നം സംസ്ഥാനത്ത് രൂക്ഷമാണെന്നും ജോലിക്കായി ധാരാളം പേര്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറുകയാണെന്നും നിലവിലെ ജെഡിയു - ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച് ആസാദ് പറഞ്ഞു.
തൊഴിലില്ലായ്മയും ബീഹാറിലെ സമ്പദ്‌വ്യവസ്ഥയിലെ തകര്‍ച്ചയും രാജ്യത്തെ ഏറ്റവും വലിയ കുടിയേറ്റത്തിലേക്കാണ് സംസ്ഥാനത്തെ നയിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ഇവരില്‍ ഭൂരിഭാഗവും തൊഴില്‍കുടിയേറ്റക്കാരാണ്. ഈ തൊഴിലാളി കുടിയേറ്റക്കാരില്‍ ബഹുഭൂരിപക്ഷവും ചരിത്രപരമായി അടിച്ചമര്‍ത്തപ്പെട്ടവരും പിന്നാക്ക സമുദായങ്ങളില്‍നിന്നുള്ളവരുമാണെന്നും ആസാദ് പറഞ്ഞു.
ആസാദ് സമാജ് പാര്‍ട്ടി മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയല്ല, മറിച്ച് ഓരോ വ്യക്തിയുടെയും, പ്രത്യേകിച്ച് ദലിതര്‍, ഗോത്രവര്‍ഗക്കാര്‍, പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായങ്ങള്‍, സ്ത്രീകള്‍ എന്നിവരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ വീണ്ടെടുക്കുന്നതിനുള്ള പ്രസ്ഥാനമാണെന്നും പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ച 2020 മാര്‍ച്ച് 15ന് ആസാദ് വ്യക്തിമാക്കിയിരുന്നു.