ഗുജറാത്തില്‍ ബിജെപിക്ക് തലവേദനയായി വിമതര്‍; എംഎല്‍എമാരടക്കം സ്വതന്ത്രരായി മല്‍സരിക്കാനൊരുങ്ങുന്നു
അഹമ്മദാബാദ്: ഹിമാചല്‍ പ്രദേശിന് പിന്നാലെ ഗുജറാത്തിലും ബിജെപിക്ക് തലവേദന സൃഷ്ടിച്ച് വിമതരുടെ നിര. ഡിസംബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് ബിജെപിയുടെ സിറ്റിങ് എംഎല്‍എയും നാല് മുന്‍ എംഎല്‍എമാരും സ്വതന്ത്രരായി മല്‍സരിക്കുമെന്ന മുന്നറിയിപ്പാണ് ബിജെപി ക്യാംപില്‍ ആശങ്ക ഉയര്‍ത്തുന്നത്. ഡിസംബര്‍ 1, 5 തിയ്യതികളിലാണ് രണ്ട് ഘട്ടമായി ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനായി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചിരുന്നു. 182 സീറ്റില്‍ 166 സീറ്റിലെ സ്ഥാനാര്‍ഥി പട്ടികയാണ് ബിജെപി പ്രഖ്യാപിച്ചത്.
പട്ടികയില്‍ ഇടമില്ലെന്ന് വ്യക്തമായതോടെയാണ് പരസ്യമായി കലാപക്കൊടി ഉയര്‍ത്തി ഇവര്‍ രംഗത്തെത്തിയത്. സീറ്റ് വിതരണത്തില്‍ അതൃപ്തിയുള്ളവര്‍ അനുഭാവികളുമായി കൂടിയാലോചിച്ച ശേഷം അടുത്ത നീക്കം നടത്തുമെന്നാണ് റിപോര്‍ട്ടുകള്‍. അതേസമയം, മുന്‍ ബിജെപി എംഎല്‍എയും പാര്‍ട്ടിയുടെ അറിയപ്പെടുന്ന ആദിവാസി മുഖവുമായ ഹര്‍ഷദ് വാസവ പാര്‍ട്ടിയെ വെല്ലുവിളിച്ച് പട്ടികവര്‍ഗ സംവരണ മണ്ഡലമായ നന്ദോദില്‍ സ്വതന്ത്രനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. നിലവില്‍ ബിജെപിയുടെ ഗുജറാത്ത് പട്ടികവര്‍ഗ മോര്‍ച്ചയുടെ പ്രസിഡന്റാണ് ഹര്‍ഷദ് വാസവ. പഴയ രാജ്പിപ്ലെ സീറ്റില്‍ 2002 ലും പിന്നീട് നന്ദോദില്‍ 2007 ലും ബിജെപിയെ പ്രതിനിധീകരിച്ച് ഹര്‍ഷദ് വാസവ എംഎല്‍എയായിരുന്നു.
നര്‍മദ ജില്ലയിലെ നന്ദോദ് നിലവില്‍ കോണ്‍ഗ്രസിന്റെ കൈവശമാണ്. ഇത്തവണ ഡോ. ദര്‍ശന ദേശ്മുഖിനെയാണ് ബിജെപി ഇവിടെ മല്‍സരിപ്പിക്കുന്നത്. തനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നാലെ അതൃപ്തി പ്രകടിപ്പിച്ച ഹര്‍ഷദ് വാസവ ബിജെപിയിലെ തന്റെ സ്ഥാനം രാജിവച്ച് നന്ദോദ് സീറ്റിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയായിരുന്നു. പാര്‍ട്ടിക്ക് തന്റെ രാജിക്കത്ത് കൈമാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'ഇവിടെ ഒറിജിനല്‍ ബിജെപിയും ഡ്യൂപ്ലിക്കേറ്റ് ബിജെപിയുമുണ്ട്. പ്രതിബദ്ധതയുള്ള പ്രവര്‍ത്തകരെ മാറ്റിനിര്‍ത്തി പുതുമുഖങ്ങള്‍ക്ക് പ്രധാന സീറ്റ് നല്‍കിയവരെ ഞങ്ങള്‍ തുറന്നുകാട്ടും. ഞാന്‍ എത്രമാത്രം നന്നായി പ്രവര്‍ത്തിച്ചെന്ന് ഈ പ്രദേശത്തെ ജനങ്ങള്‍ക്കറിയാം.
2002 നും 2012 നും ഇടയില്‍ ഞാനിവിടെ എംഎല്‍എ ആയിരുന്നു'- ഹര്‍ഷദ് വാസവ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതോടൊപ്പം വഡോദര ജില്ലയില്‍ ഒരു സിറ്റിങ് എംഎല്‍എയും രണ്ട് മുന്‍ ബിജെപി എംഎല്‍എമാരും ടിക്കറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഇടഞ്ഞുനില്‍ക്കുകയാണ്. ആറ് തവണ വഗോഡിയയില്‍ നിന്ന് എംഎല്‍എയായ മധു ശ്രീവാസ്തവ് തന്റെ അനുയായികള്‍ ആവശ്യപ്പെട്ടാല്‍ സ്വതന്ത്രനായി മല്‍സരിക്കുമെന്ന് പറഞ്ഞു. ഇദ്ദേഹം കണ്ണുവച്ച വഗോദിയ മണ്ഡലത്തില്‍ അശ്വിന്‍ പട്ടേലിനെ ബിജെപി സ്ഥാനാര്‍ഥിയാക്കിയതോടെയാണ് മധു ശ്രീവാസ്തവ് വിമതശബ്ദമുയര്‍ത്തിയത്.
വഡോദര ജില്ലയിലെ പദ്ര മണ്ഡലത്തിലെ മറ്റൊരു മുന്‍ ബിജെപി എംഎല്‍എ ദിനേശ് പട്ടേലും ഡിനു മാമയും സ്വതന്ത്രരായി മല്‍സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നിലവില്‍ കോണ്‍ഗ്രസിന്റെ കൈവശമുള്ള മണ്ഡലത്തില്‍ ഇത്തവണ ചൈതന്യസിംഹ സാലയ്ക്കാണ് ബിജെപി ടിക്കറ്റ് നല്‍കിയത്. കര്‍ജനില്‍ സിറ്റിങ് എംഎല്‍എയായ അക്ഷയ് പട്ടേലിനെ നിലനിര്‍ത്തിയതില്‍ മുന്‍ ബിജെപി എംഎല്‍എ സതീഷ് പട്ടേലിന് കടുത്ത അതൃപ്തിയുണ്ട്. കോണ്‍ഗ്രസില്‍നിന്ന് കൂറുമാറിയെത്തിയതാണ് അക്ഷയ് പട്ടേല്‍. 2017ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച അക്ഷയ് പട്ടേല്‍ 2020ലാണ് ബിജെപിയില്‍ ചേരുന്നത്. പിന്നീട് ഇവിടെ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു.
ജില്ലയിലെ പഡ്ര മണ്ഡലത്തില്‍ പോരിനിറങ്ങുമെന്നാണ് സതീഷ് പട്ടേല്‍ സൂചന നല്‍കിയിരിക്കുന്നത്. എംഎല്‍എ എന്ന നിലയില്‍ അക്ഷയ് പട്ടേല്‍ എന്താണ് ചെയ്തതെന്ന് എല്ലാവര്‍ക്കും അറിയാം. തന്നോട് നിരവധി പേര്‍ സ്വതന്ത്രനായി മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അക്ഷയ് പട്ടേലിന് സീറ്റ് നല്‍കാന്‍ പാര്‍ട്ടി തീരുമാനിക്കുന്നതിന് മുമ്പ് തന്നോട് കൂടിയാലോചിച്ചിരുന്നില്ലെന്നും സതീഷ് പട്ടേല്‍ പറഞ്ഞു. പാര്‍ട്ടി നടത്തിയ സര്‍വേ പ്രകാരം ബിജെപിയുടെ 80 ശതമാനം പ്രവര്‍ത്തകരും ഭാരവാഹികളും തന്റെ പേര് ശുപാര്‍ശ ചെയ്തിരുന്നു.
പക്ഷേ, അവസാനം താന്‍ തഴയപ്പെട്ടെന്നാണ് അദ്ദേഹം പറയുന്നത്. മറ്റാര് വന്നാലും അംഗീകരിക്കാമെന്നും എന്നാല്‍ അക്ഷയ് പട്ടേലിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവിടെ പ്രശ്‌നം പരിഹരിക്കാന്‍ ബിജെപി നേതൃത്വം ഇടപെടല്‍ നടത്തിവരികയാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഭാര്‍ഗവ് ഭട്ടും മന്ത്രിസഭാംഗം ഹര്‍ഷ് സംഗാവിയും കഴിഞ്ഞ ദിവസം വഡോദരയിലെത്തി പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി. സതീഷ് പട്ടേലുമായി സംസാരിച്ച് തെറ്റിദ്ധാരണ നീക്കുമെന്ന് ഭാര്‍ഗവ് ഭട്ട് പറഞ്ഞു.
സിറ്റിങ് എംഎല്‍എ ദേവാഭായ് മലമിന് പാര്‍ട്ടി സീറ്റ് നല്‍കിയതിനെത്തുടര്‍ന്ന് ജുനഗഢിലെ കെഷോദ് സീറ്റിലെ മുന്‍ ബിജെപി എംഎല്‍എ അരവിന്ദ് ലദാനി സ്വതന്ത്രനായി മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കെഷോദിന് വേണ്ടി താന്‍ എത്രത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ജനങ്ങള്‍ക്കറിയാം. ജനങ്ങളും എന്റെ അനുയായികളും തന്നോട് സ്വതന്ത്രനായി മല്‍സരിക്കാന്‍ ആവശ്യപ്പെട്ടു. താന്‍ പത്രിക സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 182ല്‍ 166 സീറ്റുകളിലും ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഡിസംബര്‍ ഒന്നിനും അഞ്ചിനും ഗുജറാത്തില്‍ വോട്ടെടുപ്പ്. കഴിഞ്ഞ തവണ 99 സീറ്റിലാണ് ബിജെപി ജയിച്ച് അധികാരത്തിലേറിയത്.