കോളേജില്‍ പഠിച്ചിട്ടില്ലാത്ത തന്റെ പേരില്‍ മറ്റൊരാള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു; നീതി തേടി യുവാവ്
വഡോദര: കോളേജില്‍ പഠിച്ചിട്ടില്ലാത്തയാളുടെ പേരില്‍ മറ്റൊരാള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ടെന്ന് പരാതി. വഡോദര ജില്ലയിലെ ഗയാജ് ഗ്രാമത്തിലെ താമസക്കാരനായ പ്രതിക്കുമാര്‍ പര്‍മര്‍ എന്ന 25കാരന്റെ പേരിലാണ് മറ്റൊരാള്‍ സ്‌കോളര്‍ഷിപ്പ് വാങ്ങുന്നതായി കണ്ടെത്തിയത്.
2022-23-ല്‍, വഡോദരയ്ക്കടുത്തുള്ള വര്‍ണ്ണമയില്‍ ബിഎ ഡിഗ്രി കോഴ്സിന് പ്രവേശനം നേടിയ പര്‍മര്‍ കോളേജ് പഠനത്തിനുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ സാമൂഹ്യക്ഷേമ വകുപ്പ് സന്ദര്‍ശിച്ചിരുന്നു. അപേക്ഷയുടെ ഭാഗമായി ആധാര്‍ നമ്പര്‍ നല്‍കിയപ്പോളാണ് പര്‍മറിന്റെ പേരില്‍ ഒരു സ്‌കോളര്‍ഷിപ്പ് ഇതിനകം നല്‍കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.ഗാന്ധിനഗര്‍ ജില്ലയിലെ ദെഹ്ഗാം താലൂക്കിലെ ബഹിയാല്‍ ഗ്രാമത്തിലെ എഫ്ഡി (മുബിന്‍) ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിലെ വിദ്യാര്‍ത്ഥിയായാണ് പര്‍മറിനെ ഉള്‍പെടുത്തിയിരിക്കുന്നത്.
കൂടുതല്‍ അന്വേഷണത്തില്‍, സ്‌കോളര്‍ഷിപ്പ് ഫണ്ട് ലഭിക്കുന്നതിനായി അഹമ്മദാബാദിലെ കാദി നാഗരിക് സഹകാരി ബാങ്കിന്റെ സിടിഎം ശാഖയില്‍ ഇയാളുടെ പേരില്‍ അക്കൗണ്ട് ആരംഭിച്ചതായും കണ്ടെത്തി. കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനായി പര്‍മര്‍ വിവരാവകാശ അപേക്ഷകള്‍ (ആര്‍ടിഐ) ഫയല്‍ ചെയ്യുകയായിരുന്നു. സംഭവത്തില്‍ ഗാന്ധിനഗര്‍ സെക്ടര്‍ 7 പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.