വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പിണറായിക്കെതിരേ മല്‍സരിക്കും

കുടുംബത്തിനൊപ്പം നില്‍ക്കുമെന്ന വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ലഭിക്കുന്ന അവസരമാണിതെന്ന് അവര്‍ തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു.

Update: 2021-03-16 07:30 GMT

തൃശൂര്‍: ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ സ്വതന്ത്രയായി മത്സരിക്കുന്നു. കുടുംബത്തിനൊപ്പം നില്‍ക്കുമെന്ന വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ലഭിക്കുന്ന അവസരമാണിതെന്ന് അവര്‍ തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു.

കേസ് അന്വേഷിച്ചതില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സോജന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഇനി സര്‍വീസില്‍ ഉണ്ടാകരുതെന്നാവശ്യപ്പെട്ടാണ് സമരം ചെയ്യുന്നത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുമെന്ന വാക്ക് മുഖ്യമന്ത്രി പാലിച്ചില്ല. നാളെ മുഖ്യമന്ത്രിക്കെതിരേ ധര്‍മ്മടത്ത് പത്രിക സമര്‍പ്പിക്കുമെന്നും സമരം തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള യാത്രക്കിടെ ധര്‍മ്മടം മണ്ഡലത്തില്‍ പോയിരുന്നു. അവിടെ കുറേ അമ്മമാര്‍ ഞങ്ങളെ സ്വീകരിച്ചു. അവര്‍ക്ക് ഞാനൊരു കത്ത് കൊടുത്തു. സ്വന്തം മക്കള്‍ക്ക് വേണ്ടി തല മുണ്ഡനം ചെയ്ത ഒരു അമ്മ നീതിക്ക് വേണ്ടി ഇതുവഴി വന്ന് പോയി എന്ന് മുഖ്യമന്ത്രിക്ക് വേണ്ടി വോട്ട് ചോദിക്കാനെത്തുന്നവരോട് പറയണമെന്ന് കത്തില്‍ ആവശ്യപ്പെട്ടതായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതിന് ശേഷം അവിടെ നിന്ന് നിരവധി അമ്മമാര്‍ എന്നെ വിളിച്ചു. അമ്മയ്ക്ക് ഇക്കാര്യം എന്തുകൊണ്ട് നേരിട്ട് വന്ന പറഞ്ഞുകൂട എന്ന് അവര്‍ ചോദിച്ചു. അതുകൊണ്ടാണ് അവിടെ മത്സരിക്കാന്‍ തീരുമാനിച്ചത്. സമര സമിതിയുമായി കൂടിയാലോചന നടത്തിയ ശേഷമാണ് തീരുമാനമെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കി.

അതേ സമയം, കോണ്‍ഗ്രസ് ഇതുവരെയും ധര്‍മ്മടത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ ഫോര്‍വേഡ് ബ്ലോക്കിന് സീറ്റ് നല്‍കിയെങ്കിലും പിണറായിക്കെതിരേ മത്സരിക്കാനില്ലെന്ന് അവര്‍ അറിയിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് സീറ്റ് ഏറ്റെടുത്ത കോണ്‍ഗ്രസിന് ഇതുവരെയും ഇവിടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ധര്‍മ്മടത്ത് മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കാനും സാധ്യതയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.

Tags:    

Similar News