എസ്പി-ബിഎസ്പി സഖ്യത്തിന് പിന്തുണ; മോദിക്കെതിരായ മല്‍സരത്തില്‍നിന്ന് ചന്ദ്രശേഖര്‍ ആസാദ് പിന്‍മാറി
ബിജെപിയെ പരാജയപ്പെടുത്താന്‍ ദലിത് വോട്ടുകള്‍ വിഭജിച്ച് പോവാതിരിക്കാനാണ് സ്ഥാനാര്‍ഥിത്വത്തില്‍നിന്നു പിന്‍മാറുന്നതെന്ന് രാവണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.
വാരാണസി: ബിജെപി നേതാവും പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിക്കെതിരേ വാരാണസിയില്‍ മല്‍സരിക്കുമെന്ന പ്രഖ്യാപനത്തില്‍നിന്നു ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പിന്‍മാറി. പകരം സമാജ്് വാദി പാര്‍ട്ടി-ബഹുജന്‍ സമാജ് പാര്‍ട്ടി സഖ്യത്തെ തന്റെ സംഘടന പിന്തുണയ്ക്കുമെന്ന് അദ്ദേഹം അറിയിച്ചു. ബിജെപിയെ പരാജയപ്പെടുത്താന്‍ ദലിത് വോട്ടുകള്‍ വിഭജിച്ച് പോവാതിരിക്കാനാണ് സ്ഥാനാര്‍ഥിത്വത്തില്‍നിന്നു പിന്‍മാറുന്നതെന്ന് രാവണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.
ബിജെപിയുടെ ചാരനാണ് രാവണെന്നും, അദ്ദേഹം ദലിത് വോട്ടുകള്‍ വിഭജിക്കുകയാണെന്നും ബിഎസ്പി നേതാവ് മായാവതി കുറ്റപ്പെടുത്തിയതിനു പിന്നാലെയാണ് വാരാണസിയില്‍ മല്‍സരിക്കുന്നതില്‍നിന്നു പിന്‍മാറുന്നതായി അദ്ദേഹം അറിയിച്ചത്.
ബിഎസ്പി ജനറല്‍ സെക്രട്ടറിയും പാര്‍ട്ടിയുടെ ബ്രാഹ്മണ മുഖവുമായ സതീഷ് ചന്ദ്ര മിശ്രയാണ് വാരണസിയില്‍ മല്‍സരിക്കുന്നതെങ്കിലും അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് രാവണ്‍ പറഞ്ഞു. മിശ്ര മായാവതിയെ വഴി തെറ്റിക്കുകയാണെന്നും ദലിത് സംഘങ്ങള്‍ക്കെതിരേ ഗൂഢാലോചന നടത്തുകയാണെന്നും നേരത്തേ രാവണ്‍ കുറ്റപ്പെടുത്തിയിരുന്നു.
തങ്ങളെ ബിജെപിയുടെ ഏജന്റുമാരെന്നാണ് തങ്ങളുടെ ജനത വിളിക്കുന്നത്. എന്നാല്‍, മായാവതി പ്രധാനമന്ത്രി ആവണമെന്നാണ് താന്‍ ഇപ്പോഴും ആഗ്രഹിക്കുന്നതെന്ന് രാവണ്‍ പറഞ്ഞു.ദലിതുകള്‍ക്കെതിരേ ആക്രമണം അഴിച്ചുവിടുന്ന ഓഫിസര്‍മാര്‍ക്ക്‌സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് സ്ഥാനക്കയറ്റം നല്‍കുകയാണെന്നും രാവണ്‍ നേരത്തേ കുറ്റപ്പെടുത്തിയിരുന്നു.
2017 മേയ് മാസത്തില്‍ സഹാറന്‍പൂരിലുണ്ടായ മേല്‍ജാതി- ദലിത് സംഘര്‍ഷത്തിനിടെയാണ് രാവണിന്റെ ഭീം ആര്‍മി പൊതുജന ശ്രദ്ധപിടിച്ചു പറ്റിയത്. സംഘര്‍ഷത്തെതുടര്‍ന്ന് ആസാദ് അറസ്റ്റിലായിരുന്നു. ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റിലായ രാവണെ അലഹാബാദ് ഹൈക്കോടതിയില്‍നിന്നാണ് ജാമ്യം അനുവദിച്ചത്. 16 മാസത്തെ ജയില്‍വാസത്തിനു ശേഷം 2018 സപ്തംബറിലാണ് അദ്ദേഹം മോചിതനാവുന്നത്.